
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ പ്രവൃത്തികളിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ ഇടംനേടുന്നത് പതിവാണ്. രാഷ്ട്രീയ പ്രവേശനം മുതൽ തന്നെ വിജയ്‌യുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് വൈറലായി മാറിയത്. പൂർണഗർഭിണിയായ ഒരു യുവതിക്ക് വേണ്ടി പ്രോട്ടോക്കോൾ ലംഘിച്ച് വേദിയിൽ നിന്ന് അവർക്കരികിലെത്തുന്ന മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളാണ് പുതിയ വൈറൽ വീഡിയോ.
പൂർണ ഗർഭിണിയായ ഉദ്യോഗാർത്ഥിക്ക് സർക്കാർ ജോലിയുടെ നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിനിടെയാണ് വിജയ് പ്രോട്ടോകോൾ പരിഗണിക്കാതെ വേദിയിൽ നിന്ന് താഴേക്ക് വന്നത്. നിരവധി പേരാണ് വിജയ് ചെയ്തതിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ചെന്നൈയിലെ കലൈവനാർ അരംഗം ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നടന്നത്. തമിഴ്‌നാട് പിഎസ്‌സി മുഖേന വൈദ്യുതി വകുപ്പിൽ ജോലി ലഭിച്ച 401 ഉദ്യോഗാർത്ഥികൾക്കാണ് വിജയ് നിയമന ഉത്തരവ് കൈമാറിയത്.
പൂർണ ഗർഭിണിയായ അക്ഷയാ ലക്ഷ്മിക്ക് നിയമന ഉത്തരവ് നൽകുന്നതിനായാണ് തമിഴ്നാട് മുഖ്യമന്ത്രി വേദിയിൽ നിന്ന് പടികളിറങ്ങി താഴെയെത്തിയത്. ഉത്തരവ് കൈപ്പറ്റുന്നതിനായി യുവതിയെ വേദിയിലേക്ക് ക്ഷണിച്ചപ്പോഴാണ് അവർ ഗർഭിണിയാണെന്ന കാര്യം വിജയ്‌യുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രസവത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ള അക്ഷയയ്ക്ക് പടികൾ കയറി വേദിയിലെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കിയതോടെ പ്രോട്ടോക്കോൾ നോക്കാതെ വിജയ് സദസിലേക്ക് എത്തുകയായിരുന്നു.
അക്ഷയയ്ക്ക് അരികിലെത്തിയ വിജയ് നിയമന ഉത്തരവ് കൈമാറുകയും സുരക്ഷിതമായി കുഞ്ഞിന് ജന്മം നൽകാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. വിജയ്‌യുടെ പ്രവൃത്തി കണ്ട് സദസിലിരുന്നവർ വലിയ കരഘോഷമാണ് നൽകിയത്. സമൂഹമാദ്ധ്യമങ്ങളും ചടങ്ങിന്റെ ദൃശ്യങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |