
ഡെറാഡൂൺ: നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുത്തുകൊണ്ടിരുന്ന 23കാരി ആത്മഹത്യ ചെയ്‌തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. റിയ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. നീറ്റ് പുനഃപരീക്ഷയെക്കുറിച്ച് ആലോചിച്ച് റിയ വലിയ മാനസിക സമ്മർദത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. പ്ലസ് ടുവിൽ 96.7 ശതമാനം മാർക്കോടെ പാസായ റിയ സ്‌കൂൾ ടോപ്പറായിരുന്നു.
ഇന്നലെ രാവിലെയായിരുന്നു ദാരുണമായ സംഭവം. റിയയുടെ കിടപ്പുമുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 'ഐ ലവ് യു മമ്മി, പപ്പാ. എന്റെ മരണത്തിൽ ആർക്കും പങ്കില്ല. എന്റെ പരാജയങ്ങൾക്ക് കാരണം ഞാൻ മാത്രമാണ് ', എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. പഠനവുമായി ബന്ധപ്പെട്ടുണ്ടായ കടുത്ത മാനസിക സമ്മർദമാണ് റിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
രാത്രി വൈകി ഏറെനേരം പഠിക്കുന്ന ശീലമുള്ള റിയ രാവിലെ വൈകിയാണ് എഴുന്നേൽക്കാറുള്ളത്. ഭക്ഷണം കഴിക്കാനായി മാതാവ് മുറിയുടെ വാതിലിൽ തട്ടിയെങ്കിലും റിയ പ്രതികരിച്ചില്ല. തുടർന്ന് പിതാവിനെയും മറ്റ് കുടുംബാംഗങ്ങളെയും ഇവർ വിവരമറിയിച്ചു. ഇവരെത്തി വാതിൽ ബലമായി തുറന്ന് അകത്ത് കടന്നപ്പോഴാണ് റിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ് പരീക്ഷയിൽ ആദ്യ ശ്രമത്തിൽ യോഗ്യത നേടാൻ റിയയ്‌ക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് ജൂൺ 21ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്‌ക്കായി കഠിനമായി തയ്യാറെടുക്കുകയായിരുന്നു. റിയയുടെ പെരുമാറ്റത്തിൽ യാതൊരു പ്രശ്‌നവുമുള്ളതായി തോന്നിയിരുന്നില്ലെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. മാതാപിതാക്കളോട് വളരെ സ്‌നേഹമുള്ള കുട്ടിയാണെന്നും അവർ തമ്മിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നുമാണ് പൊലീസിനോട് അയൽക്കാർ പറഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |