ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സീറ്റിനെചൊല്ലിയുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ് 48കാരൻ മരിച്ചു. ഒക്ടോബർ എട്ടിന് വൈകിട്ട് 5.30ഓടെ നടന്ന സംഭവത്തിൽ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ജയ് പ്രതാപ് സിംഗിനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുതിർന്ന പൗരന്മാർക്ക് സംവരണം ചെയ്ത സീറ്റിൽ അമ്മയ്‌ക്കൊപ്പം ഇരിക്കുകയായിരുന്ന പവൻ ശർമയാണ് മരിച്ചത്.
മണ്ഡി ഹൗസ് മെട്രോ സ്റ്റേഷനിൽനിന്ന് കയറിയ അച്ഛനും മകനും പവനുമായി തർക്കത്തിലേർപ്പെട്ടെന്നാണ് ആരോപണം. പവന്റെ അമ്മ ദുർഗാദേവി ഒരു ദേശീയ മാദ്ധ്യമത്തിനോടാണ് സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. അനാരോഗ്യം കാരണം യാത്രയ്ക്കിടെ താൻ സീറ്റിലിരുന്നുവെന്നും മകനും ഒപ്പമുണ്ടായിരുന്നുവെന്നും ദുർഗാദേവി പറഞ്ഞു. പ്രതികൾ എത്തിയശേഷം തർക്കമുണ്ടായി. സീറ്റ് മുതിർന്ന പൗരന്മാർക്ക് മാറ്റിവച്ചതാണെന്നും എന്നാൽ ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്നും പവൻ പറഞ്ഞതായി അമ്മയുടെ മൊഴിയിൽ പറയുന്നു.
തുടർന്ന് മകന്റെ കൈപിടിച്ച് എഴുന്നേൽക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ പവനെ കഴുത്തിൽ പിടിച്ചുവലിക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് ആരോപണം. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ ഒരുകൈകൊണ്ട് പവന്റെ കഴുത്തിൽ പിടിക്കുകയും മറുകൈകൊണ്ട് നെഞ്ചിൽ ഇടിക്കുകയും ചെയ്തതായാണ് ദുർഗാദേവിയുടെ ആരോപണം. ഇതാണ് മകന്റെ മരണത്തിലേക്ക് നയിച്ചതെന്നും അവർ പറഞ്ഞു.
വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് പ്രതാപ് സിംഗാണ് കേസിലെ ഒന്നാം പ്രതി. 1984 ബാച്ചിലെ എ.ജി.എം.യു.ടി കേഡർ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 44ലാണ് താമസം. അഭിഭാഷകനായ മകനും കേസിൽ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
A 48-year-old man, Pawan Sharma, died after an alleged assault over a seat reserved for senior citizens on the Delhi Metro on October 8. According to his mother, Durga Devi, a retired IAS officer, Sanjay Pratap Singh, and his lawyer son attacked Pawan, choking him and punching him in the chest. Both accused have been arrested, and police are investigating the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |