ജയ്‌പൂർ: രാജസ്ഥാനിലെ ഭരത്‌പൂരിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു. ഖനനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ മുൻ എംഎൽഎയായ അതർ സിംഗ് ഭദാനയാണ് കൊല്ലപ്പെട്ടത്. ഗ്രാമവാസികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭദാന ചികിത്സയിൽ കഴിയവെയാണ് മരിച്ചത്.
ഭോണ്ട ഗ്രാമത്തിലെ ഭദാനയുടെ ഉടമസ്ഥതയിലുള്ള ഖനന യൂണിറ്റിന്റെ പ്രവർത്തനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒരു വർഷമായി നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ, കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം ഖനന യൂണിറ്റിന്റെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്‌ച വൈകുന്നേരത്തോടെ ഭദാന ഇവിടേക്ക് എത്തിയപ്പോഴാണ് നാട്ടുകാർ സംഘടിതമായി ആക്രമിച്ചത്.
ഖനന യൂണിറ്റ് സ്ഥിതിചെയ്യുന്ന ഭൂമി മേച്ചിൽപ്പുറമാണെന്നും ഭദാന ഭൂമി കൈയേറി അനധികൃത ഖനനം നടത്തുകയാണെന്നും ആരോപിച്ചാണ് നാട്ടുകാർ ആക്രമണം നടത്തിയത്. കല്ലും വടികളുമായെത്തിയ ഗ്രാമവാസികൾ ഭാദാനയുടെ അനുയായി ഗഗൻ ശർമയെയും ആക്രമിച്ചു.
ഖനന യൂണിറ്റ് വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമവാസികൾ പ്രതിഷേധിച്ചുവരികയായിരുന്നു. 15 ദിവസമായി തങ്ങൾ സമാധപരമായി പ്രതിഷേധം നടത്തിയിരുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. 50 പേരോളം വരുന്ന സംഘത്തെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ ഭദാന ശ്രമിച്ചെന്നും ഇതിനിടെയാണ് സംഘർഷമുണ്ടായതെന്നും നാട്ടുകാർ ആരോപിക്കുന്നു.
പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഭദാനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Former BJP MLA Atar Singh Bhadana died after an alleged attack by villagers over a dispute surrounding the reopening of a stone crusher in Rajasthan’s Bharatpur district. Police have deployed additional forces in the village as investigations continue.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |