
ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ആളപായമോ നാശനഷ്ടത്തിന്റെ വ്യാപ്തിയോ സംഭവത്തിന്റെ കാരണമോ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.'ജോർഹട്ടിൽ ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഒരു എഎൻ32 അപകടത്തിൽപ്പെട്ടു. ലഭ്യമാകുമ്പോൾ കൂടുതൽ വിവരങ്ങൾ അറിയിക്കാം' എന്ന പ്രസ്താവനമാത്രമാണ് വ്യോമസേന പുറത്തുവിട്ടിട്ടുള്ളത്. പ്രദേശത്തേക്ക് ഫയർഫോഴ്സിനെയും റാപ്പിഡ് റസ്‌പോൺസ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്.
പ്രദേശത്തുനിന്ന് വൻതാേതിൽ പുക വമിക്കുന്നതിന്റെയും വിമാനം ഏറക്കുറെ പൂർണമായി കത്തിയമർന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികൾ മൊബൈൽ ഫാേണിൽ പകർത്തിയ ചിത്രങ്ങളാണ് ഇവ.
സേനയുടെ ആവശ്യങ്ങൾക്കായുളള ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ഇരട്ട എൻജിൻ വിമാനമാണ് എഎൻ32. ഇന്ത്യയ്ക്കുവേണ്ടി പഴയ സോവിയറ്റ് യൂണിയനാണ് ഇവ നിർമ്മിച്ചത്. ഇത്തരത്തിലുള്ള നൂറോളം വിമാനങ്ങൾ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഏത് പ്രതികൂലകാലാവസ്ഥയിലും പ്രവർത്തനമികവ് കാണിക്കുന്ന രീതിയിലാണ് ഇവയുടെ രൂപകല്പന. ഇതിൽ 7.5 ടൺ വരെ ചരക്ക്, 50 യാത്രക്കാർ അല്ലെങ്കിൽ 42 പാരാട്രൂപ്പർമാരെവരെ കൊണ്ടുപോകാൻ കഴിയും. വിദൂര പ്രദേശങ്ങളിൽ സപ്ലൈ ഡ്രോപ്പുകൾക്കായും എഎൻ32 വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |