
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ബാറ്റിംഗ് വിസ്മയമായ പതിനഞ്ച് വയസുകാരൻ വൈഭവ് സൂര്യവംശിയുടെ കന്നി അന്താരാഷ്ട്ര പര്യടനത്തിൽ കർശന നടപടിയുമായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ വൈഭവിന് പ്രത്യേക ഡ്രെസിംഗ് റൂം അനുവദിക്കാനാണ് ഇസിബിയുടെ തീരുമാനം. പ്രായപൂർത്തിയാകാത്ത കായിക താരങ്ങളുടെ സുരക്ഷ മുൻനിർത്തിയുള്ള അന്താരാഷട്ര ക്രിക്കറ്റ് കൗൺസിലിന്റെയും ഇംഗ്ലീഷ് ബോർഡിന്റെയും കർശനമായ സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരമാണ് നടപടി.
റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലണ്ടിലെ നിയമമനുസരിച്ച് പതിനാറ് വയസിന് താഴെയുള്ള കൗമാര താരങ്ങൾക്ക് മുതിർന്ന താരങ്ങളുടെ ഡ്രെസിംഗ് റൂം ഉപയോഗിക്കാൻ അനുമതിയില്ല. മത്സരസമയത്ത് വൈഭവിന് ഇന്ത്യൻ ടീമിൻ്റെ ഡ്രെസിംഗ് റൂമിൽ ഇരിക്കാം. ടീം മീറ്റിംഗുകളിലും തന്ത്രങ്ങൾ മെനയുന്ന ചർച്ചകളിലും പങ്കെടുക്കാം. എന്നാൽ മത്സരത്തിന് മുൻപും ശേഷവും വസ്ത്രം മാറാൻ വൈഭവിന് മാത്രമായി പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ടാകും.
ഇംഗ്ലണ്ടിൽ ഇത് പതിവ് രീതിയാണ്. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന്റെ പ്രായം കുറഞ്ഞ താരം മാക്‌സ് ഡൗമാനും പതിനാറ് വയസ് തികയുന്നത് വരെ ഇതേ രീതിയിൽ പ്രത്യേക റൂം നൽകിയിരുന്നു. എന്നാൽ ഐപിഎല്ലിൽ സീനിയർ താരങ്ങൾക്കൊപ്പം ഒരേ ഡ്രെസിംഗ് റൂം പങ്കിട്ട വൈഭവിന് ഇംഗ്ലണ്ടിലെ ഈ അനുഭവം തികച്ചും പുതിയതായിരിക്കും. അതേസമയം, സുരക്ഷ മുൻനിർത്തി വൈഭവിന്റെ മാതാപിതാക്കളും പര്യടനത്തിൽ ഒപ്പമുണ്ടാകുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |