
ന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കൗമാരതാരമാണ് വൈഭവ് സൂര്യവംശി. ഇപ്പോഴിതാ താരത്തിന്റെ വളർച്ചയ്‌ക്കൊപ്പം നേരിടേണ്ടി വരുന്ന 'സ്ലെഡ്ജിംഗ്' പോലുള്ള തന്ത്രങ്ങളെ പ്രതിരോധിക്കാൻ പ്രത്യേക മാനസിക പരിശീലനം നൽകണമെന്ന് കായിക മനഃശാസ്ത്ര വിദഗ്ദ്ധർ. അടുത്തിടെ ദാംബുള്ളയിൽ നടന്ന ശ്രീലങ്ക എ ടീമിനെതിരെയുള്ള മത്സരത്തിൽ ലങ്കൻ താരങ്ങളുടെ സ്ലെഡ്ജിംഗിനോട് വൈഭവ് വൈകാരികമായി പ്രതികരിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ 'സിറ്റുവേഷൻ മാനേജ്‌മെന്റ്' പരിശീലനം ആവശ്യമാണെന്നാണ് വിലയിരുത്തൽ.
കരിയർ വളരുന്നതിനനുസരച്ച് എതിരാളികൾ ശ്രദ്ധ തിരിച്ചുവിടാൻ കൂടുതൽ സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുമെന്നും അതിനെ നേരിടാൻ താരം സജ്ജനാകണമെന്നും പ്രമുഖ സ്‌പോർട്സ് സൈക്കോളജിസ്റ്റ് ഡോ. സ്വരൂപ് സാവനൂർ പറഞ്ഞു.
'ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ രണ്ടോ മൂന്നോ വർഷം മുൻപ് അണ്ടർ16 ക്യാമ്പിൽ വൈഭവിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. വളരെ ശാന്തനായ കുട്ടിയാണ് വൈഭവ്. ബിസിസിഐയും വിവി എസ് ലക്ഷ്മണിന്റെ നേതൃത്വത്തിലുള്ള സെന്റർ ഓഫ് എക്സലൻസും സ്‌പോർട്സ് സൈക്കോളജിയുടെ പ്രാധാന്യം മനസിലാക്കി ക്യാമ്പുകളിൽ കളിക്കാരുടെ മാനസികാവസ്ഥ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
മുൻപ് രാഹുൽ ദ്രാവിഡ് തലവനായിരുന്നപ്പോഴും ഇപ്പോഴും യുവതാരങ്ങൾക്കായി നിരവധി ഹൈപെർഫോമൻസ് ക്യാമ്പുകൾ നടക്കാറുണ്ട്. അണ്ടർ19 തലത്തിൽ മികച്ച പ്രകടനം നടത്തുന്ന പല കളിക്കാരും സീനിയർ തലത്തിലേക്ക് ഉയരുമ്പോൾ ആ വിജയം ആവർത്തിക്കാൻ കഴിയാതെ പോകുന്നത് സാങ്കേതിക തികവിന്റെ കുറവുകൊണ്ടല്ല, മറിച്ച് കളിയിലെ കടുത്ത സാഹചര്യങ്ങളെ നിയന്ത്രിക്കാനുള്ള 'സിറ്റുവേഷണൽ ഇന്റലിജൻസ്' ഇല്ലാത്തതുകൊണ്ടാണ്. മനസിനെ നിയന്ത്രിക്കാനുള്ള കഴിവ് പെട്ടെന്നുണ്ടാകുന്ന കാര്യമല്ല. മറിച്ച് മത്സരത്തിനായുള്ള തയ്യാറെടുപ്പുകളിലൂടെയും കഠിനമായ സാഹചര്യങ്ങളിലൂടെയൊക്കെ പടിപടിയായി രൂപപ്പെടുന്ന ഒന്നാണ്.
യുവതാരങ്ങളുടെ പ്രതിഭയിൽ ആർക്കും സംശയമില്ല. എന്നാൽ മുൻഗാമികളുടെ വലിയ നേട്ടങ്ങൾക്ക് പകരക്കാരാകാൻ എത്തുമ്പോൾ, റെക്കാഡുകൾ വേഗത്തിൽ സ്ഥാപിക്കാനുള്ള ധൃതി അവരിൽ ഉത്കണ്ഠ ഉണ്ടാക്കാം. ഇവിടെയാണ് ബിസിസിഐയുടെയും ടീം മാനേജ്‌മെന്റിന്റെയും കൗൺസിലിംഗ് ആവശ്യമായി വരുന്നത്. 'നിങ്ങൾ ധൃതി കൂട്ടേണ്ട, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്' എന്ന ഉറപ്പ് മാനേജ്‌മെന്റ് അവർക്ക് നൽകണം. അത് അവരുടെ ഭയം ഇല്ലാതാക്കുകയും വലിയ വേദികൾക്കായി അവരെ പ്രാപ്തരാക്കുകയും ചെയ്യും,'- സ്വരൂപ് സാവനൂർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |