
കൊൽക്കത്ത: 1971ന് ശേഷം ബംഗാൾ ഉൾക്കടലിൽ അന്തർവാഹിനികളെ വിന്യസിക്കാൻ പാകിസ്ഥാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ചൈനയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഹാംഗോർ ക്ലാസ് എന്ന അന്തർവാഹിനികളാണ് ഇതിനായി ഉപയോഗിക്കുന്നത്. അരനൂറ്റാണ്ടിന് ശേഷമാണ് പാകിസ്ഥാൻ തങ്ങളുടെ നാവിക സാന്നിദ്ധ്യം അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിലേക്ക് വ്യാപിപ്പിക്കുന്നത്.
ഇന്ത്യൻ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമാണ് 'ഹംഗോർ' എന്ന പാക് അന്തർവാഹിനി. 1971ൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിനിടെ പാകിസ്ഥാന്റെ പിഎൻഎസ് ഹാംഗോറിന്റെ ആക്രമണത്തിലാണ് ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ഖുക്രി മുങ്ങിയത്. അറബിക്കടലിൽ ഗുജറാത്തിലെ ദിയു തീരത്തുനിന്നും ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ പട്രോളിംഗ് നടത്തുകയായിരുന്ന ഐഎൻഎസ് ഖുക്രിയെയും സഹകപ്പലായ ഐഎൻഎസ് കൃപാണിനെയും ഹംഗോർ ആക്രമിച്ചു. സ്വാതന്ത്ര്യാനന്തരം യുദ്ധസമയത്ത് ഒരു ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ മുങ്ങിയ ആദ്യ സംഭവും പാകിസ്ഥാന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട നാവിക ആക്രമണങ്ങളിലൊന്നുമായിരുന്നു അത്.
ഐഎൻഎസ് ഖുക്രി മുങ്ങിയെങ്കിലും 1971ലെ യുദ്ധത്തിൽ പാകിസ്ഥാൻ വിജയം നേടിയില്ല. ഇന്ത്യൻസേന പാകിസ്ഥാനെ പരാജയപ്പെടുത്തി ബംഗ്ലാദേശിന്റെ വിമോചനം ഉറപ്പാക്കി. അമ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും പാകിസ്ഥാന്റെ ഹംഗോർ അന്തർവാഹിനി വാർത്തകളിൽ ഇടംനേടുകയാണ്. ഏപ്രിലിൽ ചൈനയിൽ കമ്മീഷൻ ചെയ്ത പാകിസ്ഥാന്റെ ഹാംഗോർ ക്ലാസ് അന്തർവാഹിനികളിൽ ആദ്യത്തേത് കഴിഞ്ഞ ആഴ്ച കറാച്ചിയിൽ എത്തി. 1971ലെ യുദ്ധത്തിന് ശേഷം വടക്കൻ അറബിക്കടലിൽ മാത്രമായി ചുരുങ്ങിയ നാവിക സാന്നിദ്ധ്യം ബംഗാൾ ഉൾക്കടലിലേക്കും വ്യപിപിക്കാനാണ് പാകിസ്ഥാന്റെ ശ്രമം.
ബംഗാൾ ഉൾക്കടൽ പരമ്പരാഗതമായി ഇന്ത്യയ്ക്ക് ഭൂമിശാസ്ത്രപരമായും തന്ത്രപ്രധാനപരമായും പ്രധാന്യമുള്ള സ്ഥലമാണ്. വിശാഖപട്ടണത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ നിർണായകമായ കിഴക്കൻ നാവിക കമാൻഡും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ബംഗാൾ ഉൾക്കടലുമായി ബന്ധപ്പെട്ടാണുള്ളത്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള ചരക്ക്-ഊർജ വ്യാപാരത്തിന് കൂടുതൽ പ്രാധാന്യമുള്ള പ്രദേശങ്ങളാണ് ഇവ. ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായി അടുത്ത് സഥിതി ചെയ്യുന്ന ജലാശയമാണ് ബംഗാൾ ഉൾക്കടൽ. ഇവിടെ അന്തർവാഹിനികളെ വിന്യസിക്കാനുള്ള തീരുമാനം ഒരു "ഗെയിം ചേഞ്ചർ" പദ്ധതിയായാണ് പാക്സേന കണക്കാക്കുന്നത്.
ഹംഗോർ ക്ലാസ് വിഭാഗത്തിലെ എട്ട് അന്തർവാഹിനികളെ ഉൾപ്പെടുത്താനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്. ഈ മാസം കറാച്ചിയിൽ എത്തിയ പിഎൻഎസ് ഹാംഗോർ ഇവയിൽ ആദ്യത്തേതാണ്. ചൈനയിൽ നിർമ്മിച്ച ഈ അന്തർവാഹിനികളിൽ എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (എഐപി) സാങ്കേതികവിദ്യ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. അതായത് ബാറ്ററികൾ റീചാർജ് ചെയ്യുന്നതിന് ഇവയ്ക്ക് ഇടയ്ക്കിടെ ഉപരിതലത്തിലേക്ക് എത്തേണ്ട ആവശ്യമില്ല. പരമ്പരാഗത ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികളിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് ദീർഘനേരം വെള്ളത്തിൽ മുങ്ങിക്കിടക്കാൻ കഴിയും. ഈ സവിശേഷത ഉള്ളതിനാൽ ഇവയെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും അത്ര പെട്ടെന്ന് കഴിയില്ല.
അതേസമയം, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകൊണ്ട് ഇന്ത്യൻ നാവികസേന സ്വതന്ത്രമായി അത്യാധുനിക യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും നിർമ്മിക്കുന്ന തരത്തിൽ പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആണവോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന അന്തർവാഹിനികൾ, രണ്ട് വിമാനവാഹിനിക്കപ്പലുകൾ, ദീർഘദൂര സമുദ്ര നിരീക്ഷണ സംവിധാനങ്ങൾ എന്നീ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യയുടെ ശക്തമായ സാന്നിദ്ധ്യം തുടരുന്നതിനിടെയാണ് പാകിസ്ഥാന്റെ നിർണായക നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |