
ആംസ്റ്റർഡാം: നെതർലൻഡിൽ രണ്ട് വർഷം മുമ്പ് നടന്ന നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ആദ്യമായി 12 വയസിന് താഴെയുള്ള കുട്ടിയെ ദയാവധത്തിന് വിധേയനാക്കി. ഗുരുതരരോഗം ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി അസഹനീയമായ വേദനയാണ് അനുഭവിച്ചിരുന്നത്. ഈ കുട്ടിയുടെ മരണമാണ് ദയാവധത്തിലൂടെ നടപ്പിലാക്കിയതെന്ന് നെതർലാൻഡ് ആരോഗ്യ മന്ത്രി സോഫി ഹെർമൻസ് അറിയിച്ചു.
വൈകിയുള്ള ഗർഭഛിദ്രങ്ങളും കുട്ടികളുടെ മെഡിക്കൽ സഹായത്തോടെയുള്ള മരണങ്ങളും അവലോകനം ചെയ്യുന്ന കമ്മിറ്റിക്ക് കേസ് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയുടെ പ്രായം, ലിംഗം, ആരോഗ്യസ്ഥിതി തുടങ്ങിയ വിശദാംശങ്ങളൊന്നും റിപ്പോർട്ടിൽ നൽകിയിട്ടില്ല. സ്വകാര്യത കണക്കിലെടുത്താണ് ഇത്തരം വിവരങ്ങൾ പരസ്യമാക്കാത്തതെന്ന് മന്ത്രി അറിയിച്ചു.
കുട്ടി അസഹനീയമായ വേദന അനുഭവിച്ചിരുന്നതായും രോഗം ഭേദമാകാൻ യാതൊരു സാദ്ധ്യതയും ഉണ്ടായിരുന്നില്ലെന്നും വ്യക്തമായാൽ മാത്രമേ നിയമമനുസരിച്ച് ദയാവധത്തിന് അനുമതി നൽകുകയുള്ളൂ. കൂടാതെ, മാതാപിതാക്കളുടെ സമ്മതം, ചികിത്സിക്കുന്ന ഡോക്ടർക്കു പുറമേ മറ്റൊരു ഡോക്ടറുടെ സ്വതന്ത്ര അഭിപ്രായം എന്നിവയും കണക്കിലെടുക്കും. ഈ കുട്ടിയുടെ ദയാവധത്തിൽ ഇവയെല്ലാം കൃത്യമായി പാലിച്ചിരുന്നുവെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇത്തരം പരിശോധനകൾക്കായി എല്ലാ ദയാവധ കേസുകളിലെയും പോലെ ഇതും പബ്ലിക് പ്രോസിക്യൂഷൻ സർവീസിലേക്ക് റഫർ ചെയ്തിട്ടുള്ളതായി സോഫി ഹെർമൻസ് പാർലമെന്റിൽ അറിയിച്ചു.
2024-ലാണ് കർശന വ്യവസ്ഥകളോടെ ഒന്നുമുതൽ 12 വയസ് വരെയുള്ള കുട്ടികൾക്കും നെതർലൻഡിൽ ദയാവധം നടപ്പിലാക്കാമെന്ന നിയമം പ്രാബല്യത്തിൽ വന്നത്. അതിനുമുമ്പ് 12 വയസിന് ശേഷവും അല്ലെങ്കിൽ നവജാത ശിശുവായിരിക്കുമ്പോഴും മാത്രമായിരുന്നു ദയാവധം പരിഗണിച്ചിരുന്നത്. 2002-ൽ ലോകത്തിലാദ്യമായി ദയാവധം അംഗീകരിച്ച രാജ്യമാണ് നെതർലൻഡ്. ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെന്ന് ഉറപ്പുള്ള രോഗികളെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് മരിക്കാൻ അനുവദിക്കണമെന്ന നിയമമാണ് 2002-ൽ പ്രാബല്യത്തിൽ വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |