
ബ്രസീലിയ: ബ്രസീൽ ചരിത്ര വിജയം സ്വന്തമാക്കി പ്രസിഡന്റും ഇടതുനേതാവുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ. ഞായറാഴ്ച നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ 51.79 ശതമാനം വോട്ട് നേടി 80കാരനായ ലൂല ഭരണത്തുടർച്ച സ്വന്തമാക്കി. എതിരാളി ഫ്ലാവിയോ ബൊൽസൊനാരോ 48.21 ശതമാനം നേടി.
ജനുവരിയിൽ ലൂലയുടെ പുതിയ പ്രസിഡൻഷ്യൽ ടേം ഔദ്യോഗികമായി തുടങ്ങും. ഈമാസം 4ന് നടന്ന ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സെനറ്റ് അംഗമായ ഫ്ലാവിയോ ആണ് മുന്നിലെത്തിയത്. മുൻ പ്രസിഡന്റ് ജെയ്ർ ബൊൽസൊനാരോയുടെ മകനാണ് ഫ്ലാവിയോ. 1989ന് ശേഷം ആദ്യമായാണ് ആദ്യ റൗണ്ടിൽ പിന്നിലായ സ്ഥാനാർത്ഥി രണ്ടാം റൗണ്ടിൽ അട്ടിമറി ജയംനേടുന്നത്.
പരാജയം അംഗീകരിക്കാൻ ഫ്ലാവിയോ തയ്യാറായില്ല. മഴയും യാത്രാതടസവും മുൻനിറുത്തി സുപ്രീംകോടതി വോട്ടിംഗ് സമയം രണ്ട് മണിക്കൂർ നീട്ടിയിരുന്നു. തോൽവിക്ക് കാരണമായി ഫ്ലാവിയോ ചൂണ്ടിക്കാട്ടുന്നത് ഇതാണ്. വോട്ട് റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും ഭീഷണി മുഴക്കി. അതേ സമയം, ലൂലയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുമായി അടുത്ത സൗഹൃദം പുലർത്തുന്ന നേതാക്കളിൽ ഒരാളാണ് ലൂല.
# ലൂല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് - 4 തവണ
(2002, 2006, 2022, 2026 )
# ഷൂ പോളിഷ് മുതൽ
ലോഹപ്പണി വരെ
ലൂലയുടെ പിതാവ് കർഷൻ. മാതാവ് തയ്യൽ തൊഴിലാളി. അഞ്ചാം ഗ്രേഡിന് ശേഷം പഠനം ഉപേക്ഷിച്ച് ജോലിയ്ക്കിറങ്ങി. 12-ാം വയസ് മുതൽ ഷൂ പോളിഷ്, വഴിയോരക്കച്ചവടം, വെയർഹൗസ് ജോലികൾ ചെയ്തു. 19-ാം വയസിൽ ഫാക്ടറി ജോലിയ്ക്കിടെ അപകടത്തിൽപ്പെട്ട് ഇടത് കൈയിലെ ചെറുവിരൽ നഷ്ടമായി
21-ാം വയസിൽ ലോഹപ്പണിക്കാരനായി. 1975ൽ ലോഹപ്പണിക്കാരുടെ യൂണിയൻ പ്രസിഡന്റായി. തൊഴിലാളി വർഗത്തിന്റെ മുഖം. 1980ൽ വർക്കേഴ്സ് പാർട്ടിയുടെ സഹസ്ഥാപകനായി. 1986ൽ പാർലമെന്റ് അംഗം
മൂന്ന് തവണ വിവാഹിതനായി. മക്കൾ അഞ്ച്. ആദ്യ ഭാര്യ 1971ലും രണ്ടാം ഭാര്യ 2017ലും മരിച്ചു. 2022ൽ ആക്ടിവിസ്റ്റ് റൊസാഞ്ചലയെ വിവാഹം കഴിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |