SignIn
Kerala Kaumudi Online
Tuesday, 23 June 2026 8.59 AM IST

ഹരിപ്പാട്ട് വരും,​ രണ്ടാം മെഡിക്കൽ കോളേജ്

landf

ആഭ്യന്തരമന്ത്രിയുടെ അഭിമാനപദ്ധതിയായ ഹരിപ്പാട് മെഡിക്കൽ കോളേജിന് വീണ്ടും ജീവൻ വയ്ക്കുകയാണ്. ആലപ്പുഴയുടെയും സമീപ ജില്ലകളുടെയും ആരോഗ്യ സംരക്ഷണത്തിന് ഇത് വൻ മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. തെക്കൻ ജില്ലയിൽ ഒറ്റ മെഡിക്കൽ കോളേജിനെ മാത്രം ആശ്രയിക്കുന്ന ഏക ജില്ലയാണ് ആലപ്പുഴ. ജനസംഖ്യാ അനുപാതത്തിൽ ആലപ്പുഴയേക്കാൾ പിന്നിലുള്ള പത്തനംതിട്ടയിൽ പോലും സർക്കാർ- സ്വകാര്യ മേഖലകളിലായി നിരവധി മെഡിക്കൽ കോളേജുകളുണ്ട്. അപ്പോഴും ആലപ്പുഴയിലെ ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയം ഒരു മെഡിക്കൽ കോളേജിൽ മാത്രമായി ഒതുങ്ങിക്കിടക്കുകയാണ്.

ആരോഗ്യ രംഗത്തെ കുതിപ്പിന് വഴിയൊരുക്കുമെന്ന് കരുതുന്ന പദ്ധതിക്കെതിരായ ശബ്ദങ്ങളും ഉയരുന്നുണ്ട്. നിർദ്ദിഷ്ട ഹരിപ്പാട് മെഡിക്കൽ കോളേജിനായി കണ്ടെത്തിയിരിക്കുന്ന കരുവാറ്റയിൽ നിന്ന് ആലപ്പുഴ വണ്ടാനത്തെ മെഡിക്കൽ കോളേജിലേക്ക് 15 കിലോമീറ്റർ മാത്രമാണുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ഹരിപ്പാട് പുതിയത് കൊണ്ടുവരേണ്ടതില്ലെന്നും മുൻ മന്ത്രി ജി.സുധാകരൻ ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെട്ടിരിക്കുകയാണ്. മുമ്പ് എൽ.ഡി.എഫിലായിരുന്നപ്പോഴും സുധാകരൻ പദ്ധതിയെ ശക്തമായി എതിർത്തിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് ചെവികൊടുക്കാതെ ഹൈ സ്പീഡ് ആക്ഷൻ നടത്തി സ്വന്തം മണ്ഡലത്തിൽ മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള നിശ്ചയദാർഢ്യത്തിലാണ് രമേശ് ചെന്നിത്തല. ബഡ്ജറ്റിൽ പ്രഖ്യാപനം നടത്തി മൂന്നാം പക്കം നിർദ്ദിഷ്ട ഭൂമി സന്ദർശിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എത്തുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങി.

2011- 2016ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത്, ആഭ്യന്തര മന്ത്രിയും ഹരിപ്പാട് എം.എൽ.എയുമായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് വിഭാവനം ചെയ്തത്. പൂർണമായും സർക്കാർ ഫണ്ട് ഉപയോഗിക്കുന്നതിന് പകരം പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) സൊസൈറ്റി രൂപീകരിച്ചാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോയത്. മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ കരുവാറ്റ പ്രദേശത്ത് ഭൂമി കണ്ടെത്തുകയും തറക്കല്ലിടുന്നതടക്കം പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

എൽ.ഡി.എഫ് വന്നു,​ പദ്ധതി സ്തംഭിച്ചു

എന്നാൽ, 2016ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയതോടെ പദ്ധതി സ്തംഭിച്ചു. പദ്ധതിക്കായി നടത്തിയ ഭൂമിയിടപാടുകളിൽ വലിയ സാമ്പത്തിക അട്ടിമറിയും അഴിമതിയും നടന്നിട്ടുണ്ടെന്ന് എൽ.ഡി.എഫ് ആരോപിച്ചു. തുടർന്ന് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇതിനെതിരെ സമഗ്രമായ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറുകയും ചെയ്തു. വണ്ടാനത്ത് മെഡിക്കൽ കോളേജുള്ളതിനാൽ 15 കിലോമീറ്റർ മാത്രം ദൂരമുള്ള കരുവാറ്റയിൽ മറ്റൊരു മെഡിക്കൽ കോളേജിന്റെ ആവശ്യമില്ലെന്നായിരുന്നു എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട്.

അതിവേഗം നീങ്ങും

പഴയ പി.പി.പി മോഡൽ മാറ്റി ഹരിപ്പാട് മെഡിക്കൽ കോളേജ് പൂർണമായും സർക്കാർ സ്ഥാപനമായി നിർമ്മിക്കുമെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ അമിതമായ രോഗികളെ കണക്കിലെടുത്താണ് ഹരിപ്പാട് പുതിയൊരണ്ണം അനിവാര്യമാണെന്ന് സർക്കാർ വാദിക്കുന്നത്. കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും വരും അദ്ധ്യയന വർഷത്തോടെ തന്നെ അഡ്മിഷൻ നടപടികളിലേക്ക് കടക്കാൻ സാധിക്കുമെന്നുമാണ് സർക്കാർ നൽകുന്ന ഔദ്യോഗിക വിശദീകരണം. ഏറ്റെടുക്കാൻ നിശ്ചയിച്ചിരുന്ന 25 ഏക്കറിലധികം ഭൂമി കണ്ടെത്തേണ്ടതുണ്ട്. മുമ്പ് നഷ്ടപരിഹാരത്തുക കൈപ്പറ്റിയവരിൽ ചിലർ ഇപ്പോഴും അതേ ഭൂമിയിൽ താമസിക്കുന്നുണ്ട്. കൂടുതൽ ഭൂമി ഏറ്റെടുക്കുമ്പോൾ നിലവിലെ വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരത്തുക ഭൂമിക്ക് നിശ്ചയിക്കണം. ഇത്തരം കടമ്പകളെല്ലാം കടന്ന് ഒരു വർഷത്തിനപ്പുറം കരുവാറ്റയിൽ മെഡിക്കൽ കോളേജ് ആരംഭിക്കുമെന്ന ആത്മവിശ്വാസമാണ് രമേഷ് ചെന്നിത്തല പ്രകടിപ്പിക്കുന്നത്. കൂടുതൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് സീറ്റും തീരപ്രദേശ ജനതയ്ക്കടക്കം ആശ്രയിക്കാൻ പുതിയ സർക്കാർ സ്ഥാപനമെന്നതും ഗുണകരമായ മാറ്റങ്ങളാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY