SignIn
Kerala Kaumudi Online
Sunday, 14 June 2026 3.52 AM IST

ചരിത്രപരമായ കാലയളവ്, പരിവർത്തനാത്മക നേതൃത്വം

aa

2026 ജൂൺ 10ന്, നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ 4,399 ദിവസത്തെ തുടർ സേവനം പൂർത്തിയാക്കി. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ആ പദവി വഹിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി അദ്ദേഹം മാറിയതോടെ ഭാരതത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം രചിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ദീർഘമായ ഭരണകാലം രാഷ്ട്രനിർമ്മാണത്തിനും വികസനത്തിനും പൊതുജനക്ഷേമത്തിനുമുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തെയും ഭാരതത്തിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തെയും പിന്തുണയെയും പ്രതിഫലിപ്പിക്കുന്നു.

രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും അഭിലാഷങ്ങൾക്കും വേണ്ടി നിലകൊള്ളാനുള്ള അചഞ്ചലമായ സമർപ്പണത്തിന്റെ പ്രതിഫലനം കൂടിയാണിത്. നരേന്ദ്രമോദി ഭാരതത്തിൽ അഭൂതപൂർവമായ പരിവർത്തനത്തിന്റെ ഒരു യുഗത്തിന് തുടക്കമിട്ടു. സദ്ഭരണം, രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നീ തത്വങ്ങളാലാണ് അദ്ദേഹം നയിക്കപ്പെടുന്നത്. അടിമത്തത്തിന്റെ സാമൂഹികവിപത്ത് അവസാനിപ്പിക്കുന്നതിനും ദശലക്ഷക്കണക്കിന് ആളുകളുടെ ആത്മാഭിമാനം പുനഃസ്ഥാപിക്കുന്നതിനും ഉറച്ച നേതൃത്വം നൽകി എന്ന കാരണത്താൽ ചരിത്രം എക്കാലവും എബ്രഹാം ലിങ്കനെ ആദരിക്കുന്നതുപോലെ, 25 കോടിയിലധികം പാവപ്പെട്ടവരെ സമ്പൂർണ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതിന് ഭാവി തലമുറകൾ മോദിയെ സ്മരിക്കും.

അദ്ദേഹത്തിന്റെ ദർശനം, അക്ഷീണ പരിശ്രമങ്ങൾ, പരിവർത്തനാത്മക ഭരണനിർവഹണം എന്നിവയിലൂടെ, എണ്ണമറ്റ കുടുംബങ്ങൾക്ക് അവസരങ്ങൾ, അന്തസ്, പ്രത്യാശ എന്നിവ ലഭ്യമാക്കി ശാക്തീകരിച്ചു. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും ഉജ്ജ്വലമായ ഭാവിയുടെയും വാഗ്ദാനങ്ങൾ സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കി. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ 44 കോടിയിലധികം പൗരന്മാർക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കി. ജൽ ജീവൻ മിഷനിലൂടെ 12 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് സുരക്ഷിതവും വിശ്വസനീയവുമായ കുടിവെള്ളം ലഭ്യമാക്കി.

2020 മുതൽ, സൗജന്യ ഭക്ഷ്യധാന്യങ്ങൾ തുടർച്ചയായി നൽകുന്നത് ഏകദേശം 80 കോടി ആളുകളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. 4 കോടിയിലധികം കുടുംബങ്ങൾ സുരക്ഷിതവും സ്ഥിരവുമായ ഒരു വീട് സ്വന്തമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ചു. മോദിജിയുടെ ദർശനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും- വനിതകൾ, യുവാക്കൾ, കർഷകർ, പിന്നാക്കവിഭാഗങ്ങൾ എന്നിങ്ങനെ ശാക്തീകരിച്ചു. 3 കോടിയിലധികം ലഖ്പതി ദീദികളുടെ ഉദയം വനിതകൾ നയിക്കുന്ന വികസനം എന്ന അദ്ദേഹത്തിന്റെ ദർശനത്തിന് ശക്തമായ ദൃഷ്ടാന്തമാണ്. നാരീശക്തിയുടെ കീഴിലുള്ള സംരംഭങ്ങൾ വനിതകൾക്ക് രാഷ്ട്രനിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ വഴിയൊരുക്കി.

പുതിയ ഐ.ഐ.ടികൾ, എയിംസ്, മെഡിക്കൽ കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥാപനത്തിലൂടെ ഇന്ത്യയുടെ വിദ്യാഭ്യാസ, ആരോഗ്യ മേഖല നാടകീയമായി പരിവർത്തനം ചെയ്തു.

അടിസ്ഥാനസൗകര്യ വിപ്ലവം

ഭാരതം ശ്രദ്ധേയമായ ഒരു അടിസ്ഥാന സൗകര്യ വിപ്ലവത്തിനും സാക്ഷ്യം വഹിച്ചു. വന്ദേ ഭാരത് ട്രെയിനുകൾ, വിമാനത്താവളങ്ങൾ, ദേശീയ പാതകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ ദ്രുതഗതിയിലുള്ള വികാസം മുതൽ വിദൂരദേശങ്ങളിലെത്തിയ പരിവർത്തനാത്മക കണക്ടിവിറ്റി പദ്ധതികൾ വരെ, മോദിയുടെ നേതൃത്വം ആധുനികവും പരസ്പര ബന്ധിതവും അഭിലാഷപൂർണവുമായ ഒരു ഇന്ത്യയ്ക്ക് അടിത്തറ പാകി. ഈ നേട്ടങ്ങൾ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുക മാത്രമല്ല, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്തു. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ മേഖലയിൽ ആഗോള നിലവാരം വർദ്ധിപ്പിച്ചുകൊണ്ട്, ഡിജിറ്റൽ നൂതനാശയങ്ങൾ, സെമി-കണ്ടക്ടർ, ബഹിരാകാശ സാങ്കേതികവിദ്യ, വാക്സിൻ വികസനം, മൊബൈൽ നിർമ്മാണം എന്നിവയിൽ ആഗോള നേതൃത്വത്തിലേക്ക് ഭാരതം ഉയർന്നുവന്നിട്ടുണ്ട്.

പുരോഗതിയും പൈതൃകവും

നരേന്ദ്രമോദിയെ സമകാലിക നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് പുരോഗതിയും പൈതൃകവും, പരസ്പരം മത്സരിക്കേണ്ട ദർശനങ്ങളല്ല, മറിച്ച് പരസ്പര പൂരക ശക്തികളാണെന്ന അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസമാണ്. "വികാസ് ഭി, വിരാസത് ഭി" എന്ന തന്റെ ദർശനാത്മക തത്ത്വചിന്തയിലൂടെ, ഒരു രാഷ്ട്രത്തിന് അതിന്റെ സാംസ്കാരിക പൈതൃകത്തിൽ ആഴത്തിൽ വേരുറപ്പിച്ചു കൊണ്ട് ദ്രുതഗതിയിലുള്ള ആധുനികവത്കരണം പിന്തുടരാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, നിർമ്മാണം, സാമൂഹിക ക്ഷേമം എന്നിവയിൽ പരിവർത്തനാത്മകമായ വികസനത്തിന് ഭാരതം സാക്ഷ്യം വഹിച്ചു. ഒപ്പം അതിന്റെ പൗരാണിക സംസ്കാരം, ഭാഷകൾ, ആത്മീയ പാരമ്പര്യങ്ങൾ, ചരിത്ര പാരമ്പര്യം എന്നിവയിൽ പുതിയ ഒരു അഭിമാനം അനുഭവവേദ്യമായി. പുണ്യസ്ഥലങ്ങളുടെ പുനഃസ്ഥാപനമായാലും, സാംസ്കാരിക ചിഹ്നങ്ങളുടെ പുനരുജ്ജീവനമായാലും, ശ്രേഷ്ഠ ഭാഷകളുടെ ആഘോഷമായാലും, അമൂല്യമായ കലാസൃഷ്ടികളുടെ സംരക്ഷണമായാലും, അദ്ദേഹത്തിന്റെ ഭരണം ആധുനിക അഭിലാഷങ്ങളുടെയും കാലാതീതമായ മൂല്യങ്ങളുടെയും അപൂർവ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നു.

യഥാർത്ഥ വികസനം അളക്കുന്നത് സാമ്പത്തിക വളർച്ച മാത്രമല്ല, മറിച്ച് ഒരു രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാനും, പരിപാലിക്കാനും, ഭാവി തലമുറകൾക്ക് കൈമാറാനുമുള്ള ശേഷി അടിസ്ഥാനമാക്കി കൂടിയാണ് എന്ന് തെളിയിച്ചുകൊണ്ട് മോദിജിയുടെ സമീപനം രാഷ്ട്രനിർമ്മാണത്തെ പുനർനിർവചിച്ചു.

യുഗ പുരുഷൻ

ദർശനം, പ്രവർത്തനങ്ങൾ, നേട്ടങ്ങൾ എന്നിവ ചരിത്ര ഗതിയെ രൂപപ്പെടുത്തുകയും ഭാവി തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന, കാലത്തിന്റെ അതിരുകൾ ഭേദിക്കുന്ന നേതാക്കളുടെ ആവിർഭാവത്തിന് ഓരോ കാലവും സാക്ഷ്യം വഹിക്കാറുണ്ട്. ഒരു രാഷ്ട്രത്തിന്റെ വിധി രൂപപ്പെടുത്തുകയും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതിനാൽ അത്തരം വ്യക്തികളെ 'യുഗ പുരുഷൻ' എന്ന് വിളിക്കുന്നു.

മോദിയുടെ പരിവർത്തനാത്മക നേതൃത്വം, ദേശീയ വികസനത്തോടുള്ള പ്രതിബദ്ധത, ജനങ്ങൾക്കായുള്ള അക്ഷീണ സേവനം എന്നിവയിലൂടെ അദ്ദേഹം സമകാലിക ഭാരതത്തിന്റെ യഥാർത്ഥ 'യുഗ പുരുഷൻ' ആയി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ കഴിവുറ്റ നേതൃത്വം 2047ൽ രാഷ്ട്രത്തെ ഒരു വികസിത ഭാരതത്തിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY