SignIn
Kerala Kaumudi Online
Saturday, 13 June 2026 9.45 PM IST

സ്വർണഭാരണങ്ങൾ പ്രദർശിപ്പിച്ച് ഹോം ടൂർ; പിന്നാലെ കള്ളന്മാർ‌ വീട്ടിലെത്തി സകലതും കവർന്നു

rachna

ഭോപ്പാൽ: സോഷ്യൽ മീഡിയയിൽ ഒരുപാട് ട്രെൻഡിംഗ് ആയ ഒന്നാണ് ഹോം ടൂറുകൾ. വീട്ടിലെ മുക്കും മൂലയും തുടങ്ങി പ്രധാനപ്പെട്ട വസ്‌തുക്കളുടെയെല്ലാം പ്രത്യേകതകൾ സഹിതം വിശദീകരിച്ചുകൊണ്ടുള്ള ഹോം ടൂറുകൾ ധാരാളമുണ്ട്. എന്നാൽ, പലപ്പോഴും അതിന്റെ അപകടം പലരും മനസിലാക്കാറില്ല. അത്തരത്തിൽ ഒരു വാർത്തയാണ് മദ്ധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്.

ശിവപുരി ജില്ലയിലെ മോഹിനി ഗ്രാമത്തിലെ വീട്ടമ്മയായ രചനയാണ് ഹോം ടൂർ ചെയ്‌ത് അപകടം ക്ഷണിച്ചുവരുത്തിയത്. ഹോം ടൂറിനൊപ്പം വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും തന്റെ ആഡംബര ജീവിതശൈലിയും അവർ യൂട്യൂബിൽ പ്രദർശിപ്പിച്ചു. മേശയുടെ മുകളിൽ ആഭരണങ്ങളെല്ലാം നിരത്തി വച്ചുകൊണ്ടായിരുന്നു പ്രദർശനം. ഇതുകണ്ട് വീട്ടിൽ വിലപിടിപ്പുള്ള വസ്‌തുക്കളുണ്ടെന്ന് മനസിലാക്കിയ കള്ളന്മാർ അവിടെ അതിക്രമിച്ചുകയറി മോഷണം നടത്തി. തന്നെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട ശേഷമാണ് അജ്ഞാതർ മോഷണം നടത്തിയതെന്ന് യുവതി പറയുന്നു. ഏകദേശം 10 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്‌ടപ്പെട്ടതായാണ് വിവരം.

സിസിടിവി ക്യാമറകൾ എവിടെയെല്ലാം ഉണ്ടെന്ന് മനസിലാക്കിയാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്‌തത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്‌ടാക്കളിൽ ഒരാൾ ക്യാമറ വടി ഉപയോഗിച്ച് തിരിച്ച് വച്ചു. ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മോഷണം ആസൂത്രണം ചെയ്യുന്നതിൽ സോഷ്യൽ മീഡിയ പ്രതികളെ സഹായിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് ഉൾപ്പടെയുള്ള ധാരണ നൽകാൻ ഹോം ടൂർ വീഡിയോ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, THEFT, HOMETOUR, GOLD, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY