SignIn
Kerala Kaumudi Online
Sunday, 11 October 2026 4.13 AM IST

ബോളിവുഡിൽ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവ്, 'ദ ജയന്റ് കില്ലർ'

anupriya
അനുപ്രിയ നാഗർ

​​​​അനുപ്രിയ നാഗർ, വയസ് 21. യു.കെയിൽ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം നേടിയ അനുപ്രിയ നാഗർ സ്വിറ്റ്‌സർലൻഡിൽ ഉയർന്ന ജോലിക്ക് പോകും മുൻപ് മുംബയ്‌യിലെ വീട്ടിൽ എത്തിയപ്പോൾ ഒരിക്കലും കരുതിയില്ല, ബോളിവുഡ് തന്റെ പേര് എഴുതി ചേർക്കുമെന്ന്. ബോളിവുഡിൽ സർപ്രൈസ് ബ്ളോക് ബസ്റ്ററായി മാറിയ 'ഹനുമാൻ അംശ്" (ഹനുമാൻ അൻഷ് )എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് അനുപ്രിയ. കണ്ടു പരിചിതരല്ലാത്ത താരങ്ങളുമായി 2 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന് തന്റെ മുഴുവൻ സമ്പാദ്യം നൽകി. ബഡ്ജറ്റിന്റെ മൂന്നിലൊന്നുവരും.

ബോളിവുഡിന്റെ സ്റ്റാർ പവറോ വമ്പൻ മാർക്കറ്റിംഗ് തന്ത്രങ്ങളോ ഗ്ലാമറോ ഐറ്റം ഡാൻസോ ഇല്ലാതെ, ഒരു കൊച്ചു ചിത്രം. ടൈറ്റിൽ പോലെ തന്നെ ഭക്തിയും ആത്മീയതയുമാണ് ഇതിവൃത്തം. ആഗസ്റ്റ് 7ന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്‌ഷൻ 491 കോടി രൂപയിൽ എത്തി. 'ഹനുമാൻ അംശ് " ജൈത്രയാത്ര തുടരുമ്പോൾ ബോളിവുഡിൽ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവ് എന്ന വിശേഷണത്തിന് ഉടമയാണ് അനുപ്രിയ . 'ഹനുമാൻ അംശ് " തെലുങ്ക് സംസാരിച്ചുതുടങ്ങിയതാണ് പുതിയ വിശേഷം.

അഞ്ച് പൈസ കിട്ടില്ല

സ്വിറ്റ്സർലണ്ടിൽ ലഭിച്ച ജോലി പോലും മറന്നു സിനിമ നിർമ്മാണത്തിന് ഇറങ്ങിത്തിരിക്കാൻ ഒരു കാരണമുണ്ട്. ഇന്ത്യയിലെ ആത്മീയ വേരുകളെപ്പറ്റി പുതിയ തലമുറ അറിയണം. അതിന് സിനിമ തന്നെ ഏറ്റവും നല്ല മാധ്യമം. ബിരുദ പഠനത്തിനിടെയാണ് നീം കരോലി ബാബയെ കാണാൻ സ്റ്റീവ് ജോബ്സ് എത്തിയ കഥ അറിയുന്നത്. സിനിമയുടെ സ്പാർക് അവിടെ തുടങ്ങി. കുടുംബ സുഹൃത്ത് രാഗിണി സോനയെ കണ്ടുമുട്ടിയത് വഴിത്തിരിവായി. തിരക്കഥ വായിച്ച അനുപ്രിയ, പണംമുടക്കാൻ തയ്യാറായി. ആ സമയത്ത് പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലായിരുന്നു. ​ പണത്തിന്റെ അഭാവം മൂലം എങ്ങനെ പൂർത്തിയാക്കുമെന്ന ആശങ്കയിലായിരുന്നു സംവിധായകൻ ഡോ. വിശാൽ ചതുർവേദിയും അണിയറ പ്രവർത്തകരും. ഡോ. വിശാൽ ചതുർവേദി, നമ്രത ജി. സിംഗ് എന്നിവരോടൊപ്പം ഹനുമാൻ അംശിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് രാഗിണി. സാമ്പത്തിക ലാഭം ലഭിക്കില്ലെന്ന ഉപദേശങ്ങൾ അനുപ്രിയ കേട്ടു. എല്ലാം പുഞ്ചിരിയോടെ സ്വീകരിച്ചു.

കരോലി ബാബയുടെ ജീവിത ചിത്രം

ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യ കണ്ട ഏറ്റവും ആദരണീയനായ ആത്മീയ ആചാര്യൻമാരിൽ ഒരാളായ നീം കരോലി ബാബയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഹനുമാൻ അംശ്. ശോഭിനവ് സത്യ ബാബയായി സ്ക്രീനിൽ എത്തി. ആ മുഖം പലർക്കും പരിചയമില്ലതാനും.

അഭിനയതലങ്ങളിലൂടെ സഞ്ചരിച്ച ശോഭിനവ് സത്യ കഥാപാത്രമായി ജീവിച്ചു. അമ്മയുടെ മരണത്തിന് പിന്നാലെ ദൈവത്തെ തേടി വീടുവിട്ടിറങ്ങിയ ലക്ഷ്മി നാരായൺ ആയിരങ്ങൾക്ക് പ്രചോദനമായി തീർന്ന നീം കരോലി ബാബയായി മാറുന്നത് പ്രേക്ഷകർ കണ്ടു. പരമ്പരാഗതവും കർക്കശവുമായ പ്രഭാഷണങ്ങൾക്ക് പകരം അഗാതമായ ലാളിത്യവും സ്നേഹവും കൊണ്ട് ശ്രദ്ധനേടിയ നീം കരോലി ബാബ, അത്ഭുതങ്ങളാൽ അനുയായികളെ അമ്പരപ്പിച്ച കഥകൾ പ്രശസ്തമാണ്. ബാബയുടെ ആത്മീയ ഉപദേശങ്ങൾ സ്വീകരിക്കാൻ പാശ്ചാത്യ ലോകത്ത് നിന്ന് പ്രമുഖർ ഇന്ത്യയിലേക്ക് ഒഴുകിയെത്തി.

ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ്, മെറ്റ മേധാവി മാർക്ക് സക്കർബർഗ്, നടി ജൂലിയ റോബട്സ് തുടങ്ങി ലോക പ്രശസ്തർ ബാബ സ്ഥാപിച്ച ഉത്തരാഖണ്ഡ് കൈഞ്ചിധാമിലെ ആശ്രമം സന്ദർശിച്ചിട്ടുണ്ട്. ഹനുമാൻ സ്വാമിയുടെ ഭക്തനായിരുന്നു മഹാരാജ് ജി എന്നറിയപ്പെട്ടിരുന്ന ബാബ.

ഒറ്റ വാചകത്തിൽ സിംപിൾ ആൻഡ് ഹമ്പിൾ ആയ സിനിമ. എന്നാൽ ബോളിവുഡിനെ മാത്രമല്ല, ഇന്ത്യൻ സിനിമ വ്യവസായത്തെ ഞെട്ടിച്ചു. ചെറിയ തുക മുടക്കി ബോക്സ് ഓഫീസ് റെക്കാഡുകളെ തിരുത്താൻ ഹനുമാൻ അംശിൽ എന്താണുള്ളത് ? ജന ഹൃദയങ്ങളെ സ്പർശിക്കുന്ന കഥ തന്നെ. ഗ്ലാമറിനും സ്റ്റാർ വാല്യുവിനും പിറകേ പോകാതെ അർത്ഥവത്തായ കഥാ അവതരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചെന്ന് ഹനുമാൻ അംശിന്റെ വിജയത്തെ ചൂണ്ടിക്കാട്ടി നടൻ സോനു സൂദ് ബോളിവുഡിനെ ഉപദേശിച്ചതും ചർച്ചയായി.

മധുരം നിറഞ്ഞ വിധി

റിലീസ് ദിവസം തന്നെ ചിത്രം തകർന്നടിയുമെന്ന് കരുതിയവർ ഏറെ. എന്നാൽ മാർക്കറ്റിംഗിന് മുന്നിട്ടിറങ്ങിയ അനുപ്രിയ പോഡ്കാസ്റ്റർമാരുമായി കൈകോർത്തു. ചിത്രത്തിലെ ഒരു ഭക്തിഗാനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ അദ്ഭുതം സംഭവിച്ചു. സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു തുടങ്ങി.

മുൻനിര താരങ്ങളില്ലാത്തതിന്റെ പേരിൽ പ്രമുഖ നിർമ്മാതാക്കൾ കൈയൊഴിഞ്ഞ ചിത്രം അങ്ങനെ ബി ടൗണിൽ വിജയഗാഥ തീർത്തു. സിനിമ റിലീസ് ചെയ്ത ശേഷം കൈഞ്ചിധാമിലെ ഹനുമാൻ ക്ഷേത്രത്തിലും ആശ്രമത്തിലും അത്ഭുതപൂർവമായ ഭക്തജനത്തിരക്കാണ്. അവധി ദിവസങ്ങളിൽ 40000 ആളുകൾ വരെ എത്തുന്നു. എല്ലാം ഹനുമാൻ അംശ് ടീം അറിയുന്നുണ്ട്.

തനിക്ക് ലഭിച്ച ലാഭത്തിന്റെ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി വിനിയോഗിക്കാനാണ് അനുപ്രിയയുടെ തീരുമാനം. ചിത്രത്തിന്റെ ഭാഗമായ പ്രാദേശിക കലാകാരൻമാർക്ക് സാമ്പത്തിക സഹായവും നൽകി. ഇനി , എന്ത് എന്നാണ് ചോദ്യം എങ്കിൽ എല്ലാവർക്കും മറുപടിയുണ്ട്. ഹനുമാൻ അംശ് : 2.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, BOLLYWOOD NEWS, LATESTNEWS, BOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA