
ആലപ്പുഴ : വയലാർ അവാർഡിനർഹമായ ഡോ.രാജശ്രീയുടെ ആത്രേയകത്തിന് തന്റെ നോവലുകളുമായി ആശയപരവും സന്ദർഭപരവുമായ സാമ്യമുണ്ടെന്ന പരാതിയുമായി നോവലിസ്റ്റ് ഡോ.വിനയശ്രീ രംഗത്തെത്തി. സാഹിത്യ മൗലികതാലംഘന ആരോപണം ചൂണ്ടിക്കാട്ടി ആത്രേയകത്തിനെതിരെ വയലാർ രാമവർമ്മ ട്രസ്റ്റ് അവാർഡ് നിർണയ സമിതി സെക്രട്ടറിക്ക് പരാതി നൽകിയതായി വാർത്താസമ്മേളനത്തിൽ അവർ വെളിപ്പെടുത്തി. മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും ഇതിവൃത്തങ്ങളെയും ആധാരമാക്കിയുള്ള പാഞ്ചാലിയുടെ ഏഴ് രാത്രികൾ (2018), ഹിഡുംബി (2018), ശിഖണ്ഡി (2019) എന്നീ മൂന്നുകൃതികളുടെ രചയിതാവാണ് ആലപ്പുഴ വിജയനിവാസിൽ ഡോ.വിനയശ്രീ. ശിഖണ്ഡിയിലെ കഥാപാത്രാവിഷ്കാരം, ആശയ വികാസം, സംഭവങ്ങളുടെ ക്രമീകരണം, സംഭാഷണം, രംഗങ്ങൾ തുടങ്ങിയവയുമായി ആത്രേയകത്തിലെ പല ഭാഗങ്ങൾക്കും സാമ്യമുണ്ട്. ഒരു ഡസനിലേറെ രംഗങ്ങൾക്കും സന്ദർഭങ്ങൾക്കുമാണ് സാമ്യം. ഈ വിഷയം ഉന്നയിച്ചതിന് ഡോ.രാജശ്രീ തനിക്കെതിരെ അഞ്ചുലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് തലശേരി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തു. അവാർഡ് തീരുമാനം പുനഃപരിശോധിക്കണം- അവർ ആവശ്യപ്പെട്ടു.
ഡോ.വിനയശ്രീയുടെ പരാതി ലഭിച്ചിട്ടുണ്ട്. വായനക്കാരുടെയും അവാർഡ് നിർണയ കമ്മിറ്റിയുടെയും അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ജനകീയ കൃതികൾക്കാണ് അവാർഡെന്നതിനാൽ ആക്ഷേപം ബാധകമല്ല
സതീശൻ, സെക്രട്ടറി,
വയലാർ അവാർഡ് നിർണയ സമിതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |