
തൃശൂർ: എന്തൊക്കെ കാപട്യം കാണിച്ചാലും ജനങ്ങൾ തിരിച്ചറിയുമെന്നും ജനപ്രതിനിധിക്ക് ജയഭയമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. ധീരനായി അഭിനയിക്കുമെങ്കിലും തനിക്ക് ആ ഭയമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തൃശൂരിൽ രണ്ടാമത് ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആൾക്കൂട്ടത്തെ നേർവഴിയിലൂടെ കൊണ്ടുവരാൻ ഉത്തരവാദിത്വമുള്ളയാളാണ് നേതാവ്. കേരളം അറബിക്കടൽ പോലെ ഇരമ്പിവന്നാലും ബോദ്ധ്യങ്ങളിൽ നിന്ന് മാറില്ല. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് സർക്കാരിന്റെ ലക്ഷ്യം. അഞ്ചുവർഷം പൂർത്തിയാകുമ്പോൾ ഏറ്റവും വലിയ പരിഷ്‌കൃത സമൂഹമാണ് കേരളമെന്ന് പറയണം. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നടത്തുന്ന പരിശ്രമത്തിന്റെ പേരാണ് പൊതുപ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ രാജൻ ജെ. പല്ലൻ എം.എൽ.എ അദ്ധ്യക്ഷനായി. മുഖ്യമന്ത്രിക്ക് സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ.കൽപ്പറ്റ നാരായണൻ പുരസ്‌കാരം സമ്മാനിച്ചു. ഗീത ഗോപി എം.എൽ.എ പ്രശസ്തിപത്രം കൈമാറി. മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |