
കൊച്ചി: ചേരാനെല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ ഹൈക്കോടതി ഉടൻ നടപടിയെടുത്തേക്കും. അപകടത്തെക്കുറിച്ച് അറിഞ്ഞതോടെ ജുഡിഷ്യൽ ഓഫീസറെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലാ ജുഡിഷ്യറിയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയതായാണ് വിവരം.
കാർ ജുഡിഷ്യൽ ഓഫീസറുടെ ഉടമസ്ഥതയിലായതിനാൽ മോട്ടോർ വാഹന നിയമം വകുപ്പ് 199 എ പ്രകാരം ജുഡിഷ്യൽ ഓഫീസർ പ്രഥമദൃഷ്ട്യാ പ്രതിയാകുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ജുഡിഷ്യൽ ഓഫീസർ നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയതും തെറ്റായ നടപടിയാണ്. ജുഡിഷ്യൽ ഓഫീസർമാർ ഔദ്യോഗിക ആവശ്യത്തിനല്ലാതെ പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോകുന്നത് സുപ്രീംകോടതിയടക്കം വിലക്കിയിട്ടുണ്ട്. സംഭവം ജുഡിഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടി.
അതേസമയം, കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |