SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.29 AM IST

പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം; മരിച്ചത് അങ്കണവാടി  ജീവനക്കാരി 

READ ENGLISH VERSION
geetha

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു. ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്ത്ക്കുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഈ വർഷം പാലക്കാട് ജില്ലയിൽ മാത്രം ആറുപേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ജൂണിൽ മാത്രം നാലുപേർ മരിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 75 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈഡിസ് കൊതുകുകൾ പരത്തുന്ന ഒരു വെെറൽ രോഗമാണ് ഡെങ്കിപ്പനി. എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം.

പനി,​ കഠിനമായ തലവേദന,​ കണ്ണുകളുടെ പിന്നിലെ വേദന,​ സന്ധികളുടെയും പേശികളുടെയും വേദന,​ ക്ഷീണം,​ ചർമത്തിലെ ചുവന്ന പാടുകൾ,​ വയറ് വേദന,​ ഛർദ്ദി, എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മഴക്കാലം ശക്തമായ സാഹചര്യത്തിൽ കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാൻ അനുവദിക്കരുതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. മണിപ്ലാന്റ് ഉൾപ്പെടെയുള്ള ഇൻഡോർ പ്ലാന്റുകളും വീട്ടുപരിസരത്തെ പുല്ലുകളും കൊതുകുകൾ പെരുകാൻ കാരണമാണ്.

ചട്ടികളിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റുകയോ, ചെടികൾ മണ്ണിലേക്ക് മാറ്റി വളർത്തുകയോ വേണം. ടെറസിന്റെ പാത്തികൾ, വീട്ടുപരിസരത്തെ പാഴ് വസ്തുക്കൾ, പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കണം. പകർച്ചവ്യാധികൾ തടയാൻ പരിസരം വൃത്തിയായി സൂക്ഷിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH, DENGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA