SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.55 PM IST

ഈ ഡബിൾ ബെൽ ചരിത്രത്തിലേക്ക്

cms
VD Satheesan and CP John in KSRTC Priyadarshini

തിരുവനന്തപുരം: കണ്ടക്ടർ വി.ജയകുമാരി ഡബിൾ ബെല്ലടിച്ചു. ഡ്രൈവർ വി.പി.ഷീല ഫസ്റ്റ് ഗിയറിട്ട് ബസ് മുന്നോട്ടെടുത്തു. തമ്പാനൂർ ഡിപ്പോയിൽ നിന്നു പെരുമാതുറയിലേക്കുള്ള ഓ‌ർഡിനറി ബസ് പുതു ചരിത്രമായി.

88 വർഷം പിന്നിട്ട സംസ്ഥാനത്തെ ട്രാൻസ്പോർട്ട് ബസ് സർവീസിൽ ആദ്യമായാണ് വനിതകൾക്ക് സൗജന്യയാത്ര ലഭിക്കുന്നത്. വാദ്യമേളങ്ങൾ മുഴക്കിയും മധുരം വിളമ്പിയും യു.ഡി.എഫ് പ്രവർത്തകരും അനുഭാവികളും സൗജന്യയാത്രയെ വരവേറ്റു.

തമ്പാനൂരിൽ രാവിലെ ഒൻപതരയോടെയാണ് ഉദ്ഘാടന ബസ് പുറപ്പെട്ടത്. സെക്കൻഡുകൾക്കുള്ളിൽ മറ്റ് ‌ഡിപ്പോകളിൽ നിന്നും സൗജന്യയാത്ര ആരംഭിച്ചു.

ആദ്യ സർവീസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ സി. പി. ജോൺ, കെ. എ. തുളസി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ യാത്രക്കാരായി. ഉദ്ഘാടന ബസ് സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് കടന്ന് ദർബാർ ഹാളിനുമുന്നിൽ നിന്നു. അതായിരുന്നു ആദ്യ സ്റ്റോപ്പ്.

ആദ്യചരിത്രം ഇങ്ങനെ

1938 ഫെബ്രുവരി 20ന് ഇ.ജി സോൾട്ടർ എന്ന ബ്രിട്ടീഷ് എൻജിനിയർ ഓടിച്ച ബസ് അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയെയും രാജ കുടുംബാംഗങ്ങളെയും കൂട്ടി കവടിയാർ കൊട്ടാരത്തിനു മുന്നിലാണ് എത്തിയത്. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ തുടക്കമായിരുന്നു അത്.

ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി, ഫെയർ സ്റ്റേജ് എൽ.എസ്, ടൗൺ ടു ടൗൺ വിഭാഗങ്ങളിലായി 3125 ബസുകളിലാണ് വനിതകൾക്ക് സൗജന്യ യാത്ര ലഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA