
കോഴിക്കോട്: നിപ ഭീതിയിൽ ആശ്വാസമായി പരിശോധനാ ഫലം. നിരീക്ഷണത്തിലുള്ള മൂന്നുപേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് എന്ന റിപ്പോർട്ട് പുറത്തുവന്നു. നിപ രോഗിയുടെ അടുത്ത സമ്പർക്ക പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പരിശോധന നടന്നത്.
നാലുപേരാണ് രോഗിയുടെ അടുത്ത സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ മൂന്നുപേരുടെ പരിശോധനാഫലമാണ് വന്നത്. ഇവർക്ക് കാര്യമായ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രത്യേക വാർഡിലേയ്ക്ക് ഇന്നലെ മാറ്റിയിരുന്നു. ഇതിനുശേഷമാണ് പരിശോധന നടത്തിയത്. അതേസമയം നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, വിമർശനങ്ങളുയർന്നതിന് പിന്നാലെ ആരോഗ്യമന്ത്രി കെ മുരളീധരൻ നാളെ കോഴിക്കോട്ടേയ്ക്ക് പോവുകയാണ്.ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും വിവരമുണ്ട്. നിലവിൽ നിപയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. ഒരാൾ മാത്രമാണ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതെന്നും അദ്ദേഹത്തിന്റെ നിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിപ പ്രതിരോധത്തിനാവശ്യമായ എല്ലാ മരുന്നുകളും സ്റ്റോക്ക് ഉണ്ട്. ആന്റിവൈറൽ മെഡിസിൻ മാത്രമാണ് ഇനി എത്താനുള്ളത്. അത് ഡൽഹിയിൽ നിന്ന് ഇന്ന് വൈകുന്നേരത്തിനുള്ളിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും എല്ലാ നിർദേശങ്ങളും കൃത്യമായി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |