
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫടക്കം ഒരു ഡസൻ പരീക്ഷകളിലെയും നിയമനങ്ങളിലെയും ക്രമക്കേടുകളുടെ ചുരുളഴിക്കാൻ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജുവിനെ ക്രൈം ബ്രാഞ്ച് ബുധനാഴ്ച ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്താൻ ഐ.ജി അജീതാബീഗം നോട്ടീസ് നൽകി.
ചെയർമാനായി നൂറിലേറെ ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ക്രമക്കേടുകൾക്ക് തെളിവുകൾ കിട്ടിയതിനാൽ ചെയർമാനെയും ഏതാനും അംഗങ്ങളെയും പ്രതിയാക്കിയേക്കും. ആസൂത്രണ ബോർഡ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ചെയർമാൻ
നേരിട്ടാണ് നടത്തിയത്. മറ്റ് പരീക്ഷകളുടെ അഭിമുഖത്തിലും ഇടപെട്ടു. പിഴവ് കണ്ടെത്തിയിട്ടും റാങ്ക് പട്ടിക റദ്ദാക്കാനോ ,നിയമനം നൽകാതിരിക്കാനോ ശ്രമിക്കാതിരുന്നത് ഗൂഢാലോചനയുടെ തെളിവാണെന്നാണ് നിഗമനം.ഉത്തരക്കടലാസിന്റെ പകർപ്പ് ഉദ്യോഗാർത്ഥികൾക്ക് നൽകാതിരിക്കാനാണ് ശ്രമിച്ചത്. ഗുരുതര വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തേക്കും.
കമ്മിഷൻ അംഗങ്ങളായ എസ്.എ.സെയ്ഫ്, എസ്.ശ്രീകുമാർ എന്നിവരെ ഇന്നലെ ചോദ്യം ചെയ്തു. സെയ്ഫിനെ നാലു മണിക്കൂറാണ് ചോദ്യം ചെയ്തത്. ശ്രീകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. സി.കെ.ഷാജിബ്, സ്റ്റാനി തോമസ് എന്നിവർക്ക് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അഭിമുഖമടക്കം നിയമന പ്രക്രിയയിൽ പങ്കെടുത്ത അംഗങ്ങൾക്കാണ് ആദ്യ ഘട്ടമായി നോട്ടീസ് നൽകിയത്. പരീക്ഷാ നടത്തിപ്പിലെ ഉദ്യോഗസ്ഥരുടെ മേൽ കുറ്റം ചുമത്തിയുള്ള മൊഴിയാണ് ഇവർ നൽകിയതെന്നാണ് സൂചന..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |