SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.21 PM IST

'സ്‌കൂൾകാലം മുതൽ ആരാധിച്ച ഒരാൾ അങ്ങനെ ചെയ്തപ്പോൾ നിരാശ തോന്നി'; രാഷ്ട്രീയവും ഫുട്‌ബോളും ഒരുപോലെയെന്ന് മന്ത്രി ജനീഷ്

o-j-janeesh

ഫിഫ ലോകകപ്പിന്റെ ആവേശം കേരളമാകെ അലയടിക്കുമ്പോൾ അതിന് മാറ്റ് കൂട്ടുന്ന പ്രവർത്തനങ്ങളുമായി സജീവമാണ് കേരളത്തിന്റെ കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കായുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനൊപ്പം സ്വന്തം അനുഭവങ്ങൾ കൂടി ഓർത്തെടുക്കുകയാണ് അദ്ദേഹം. കേരളാകൗമുദി ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ രാഷ്ട്രീയത്തിലെയും ഫുട്ബോളിലെയും സസ്പെൻസുകളെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

തിരക്കുകൾക്കിടയിലെ ലോകകപ്പ്

ഫുട്ബോൾ ഏറെ ഇഷ്ടപ്പെടുന്നൊരാളാണ് ഞാൻ. തിരക്കുകൾക്കിടയിലാണ് ഇത്തവണത്തെ ലോകകപ്പ് കാണുന്നതിന് സമയം കണ്ടെത്തുന്നത്. മത്സരങ്ങളുടെ സമയക്രമം നമുക്ക് അനുകൂലമല്ലെങ്കിലും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരാത്ത തരത്തിൽ മത്സരങ്ങൾ കാണാൻ ശ്രമിക്കുന്നുണ്ട്.

ഫുട്ബോളിലെയും രാഷ്ട്രീയത്തിലെയും സസ്‌പെൻസ്

ഫുട്ബോളിന്റെയും രാഷ്ട്രീയത്തിന്റെയും വേഗത ഒരുപോലെയാണ്. ആ വേഗത മറ്റൊരു മേഖലയ്ക്കുമില്ല എന്നതാണ് വാസ്തവം. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ എടുക്കുന്ന തീരുമാനങ്ങളാണ് രാഷ്ട്രീയത്തിന്റെ വേഗത മാറ്റി മറിക്കുന്നത്. അതുപോലെ തന്നെയാണ് ഫുട്ബോളും,​ നിമിഷനേരം കൊണ്ട് കളി മാറും. 90 മിനിട്ടുള്ള കളിയിൽ അവസാനത്തെ മൂന്നുമിനിട്ട് കൊണ്ട് മത്സരത്തിന്റെ ഗതി തന്നെ മാറും.

യുഡിഎഫിന്റെ സസ്പെൻസ് മന്ത്രിയായി ഞാൻ മന്ത്രിസഭയിലേക്ക് എത്തിയതുപോലും ഇത്തരത്തിൽ വേഗതയുള്ള തീരുമാനങ്ങളുടെ ഭാഗമായാണ്. കളിക്കളത്തിലെ ജയവും പരാജയവും പോലെ തന്നെയാണ് രാഷ്ട്രീയത്തിലെ ഉയർച്ചയും താഴ്ചയും.

o-j-janeesh
നിയമസഭാ സാമാജികരും മാദ്ധ്യമപ്രവർത്തകരും തമ്മിൽ നടന്ന ഫുട്ബോൾ പ്രദർശന മത്സരത്തിൽ നിന്ന്

ഫുട്ബോളിലെ ഇഷ്ടങ്ങൾ

സ്കൂൾ കാലഘട്ടത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഫുട്ബോൾ പ്ലെയർ സിനദിൻ സിദാൻ ആയിരുന്നു. അന്നത്തെ കാലത്ത് സ്പോർട്സ് മാസികയിൽ വന്ന അദ്ദേഹത്തിന്റെ ചിത്രമൊക്കെ വെട്ടി ഒട്ടിച്ച് സൂക്ഷിക്കുമായിരുന്നു. മുതിർന്നപ്പോൾ ആ ഇഷ്ടം മെസിയോടായി. കഴിഞ്ഞ ലോകകപ്പിൽ മെസിയെപ്പോലെ തന്നെ അമ്പരപ്പിച്ച പ്രകടനം കാഴ്‌ചവച്ച എംബാപ്പയോടും ഒരു ആരാധന തോന്നിയിരുന്നു. ഒരേ സമയം മെസി ഗോളടിക്കണമെന്നും അർജന്റീന കപ്പെടുക്കണമെന്നും ആഗ്രഹിച്ചപ്പോൾ തന്നെ എoബാപ്പയുടെ തകർപ്പൻ പ്രകടനത്തിന്റെ ഫാനായും മാറി.

കുട്ടിക്കാലവും നാട്ടിലെ ക്ലബുകളും

കച്ചേരി ബ്രദേഴ്സ് എന്ന പേരിൽ നാട്ടിലൊരു ഫുട്ബോൾ ക്ലബ് ഉണ്ടായിരുന്നു. എല്ലാ ചെറുപ്പക്കാരും ആ ക്ലബിന്റെ ഭാഗമായിരുന്നു. എല്ലാവരും ചേർന്ന് കളിക്കുകയും ടൂർണമെന്റുകൾ സംഘടിപ്പിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. കുട്ടിക്കാലത്ത് അവരുടെ കളി കാണാൻ പോവുന്നതും അവർക്ക് വേണ്ടി ആരവങ്ങളുണ്ടാക്കുന്നതുമൊക്കെ പതിവായിരുന്നു. എന്റെ സഹോദരനും കൂട്ടുകാരുമെല്ലാം കച്ചേരി ബ്രദേഴ്‌സ് ഫുട്ബോൾ ക്ലബിൽ സജീവമായിരുന്നു.

അക്കാലത്ത് ഇത് കൂടാതെ നിരവധി ക്ലബുകൾ നാട്ടിൽ ഉണ്ടായിരുന്നു. ഡ്രീംസ്, ടാഗോർ, ശോഭനാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് തുടങ്ങിയ പേരുകളിൽ നിരവധി ക്ലബുകൾ അന്നത്തെ കാലത്ത് സജീവമായിരുന്നു. ആദ്യകാലത്ത് കാലിൽ പട്ടീസ് കെട്ടിയാണ് കളിച്ചിരുന്നത്, പിന്നീട് പതിയെ ബൂട്ട് ഉപയോഗിക്കാൻ തുടങ്ങി. അതൊക്കെക്കഴിഞ്ഞ് ഫ്ലഡ്‌ലൈറ്റ് ടൂർണമെന്റുകൾ സംഘടിപ്പിക്കാനും തുടങ്ങി. പക്ഷെ, പുതിയ തലമുറ അത്തരം പ്രവർത്തനങ്ങൾ പിന്തുടർന്നില്ല. അത്തരം ക്ലബുകൾ പതിയെ ഇല്ലാതായി.

സ്കൂൾ ഗ്രൗണ്ടിലും പാടത്തുമൊക്കെ കൂട്ടുകാർക്കൊപ്പം കളിക്കുമന്നല്ലാതെ പ്രൊഫഷണൽ രീതിയിലുള്ള മത്സരങ്ങൾക്ക് നേരിട്ട് ഇറങ്ങിയുള്ള പരിചയം കുറവാണ്. കുട്ടിക്കാലത്ത് ക്ലബ് മത്സരം കാണുന്നതിനിടെ ആവേശം കയറി ഗോൾ പോസ്റ്റിനുപുറകിൽ പോയിനിന്ന് ഹൈഷോട്ടുകൾ മുഖത്തടിച്ച് പരിക്കേറ്റിട്ടുണ്ട്.

o-j-janeesh

മറക്കാനാകാത്ത ഫുട്ബോൾ ഓർമ

2006-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് താരം സിനദിൻ സിദാൻ ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസിയെ നെഞ്ചിൽ തലകൊണ്ട് ഇടിച്ചത് കൂട്ടുകാർക്കൊപ്പമാണ് കണ്ടത്. സ്‌കൂൾ പഠനകാലം മുതൽ ആരാധിച്ചിരുന്ന ഒരാൾ അങ്ങനെ ചെയ്തപ്പോൾ വലിയ നിരാശ തോന്നിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SPORTS MINISTER, OJ JANEESH, FOOTBALL, FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA