
കൊച്ചി: 77 രാജ്യങ്ങളിലെ 293 താരങ്ങളോട് കടലിൽ പൊരുതുകയാണ് മലയാളിയായ 14കാരൻ ആൽഡ്രിൻ ആന്റണി. മൊറോക്കോയിലെ ടാൻജിയർ കടലിൽ കാറും കോളും അതിജീവിച്ചാണ് പായ്‌വഞ്ചിയിലെ കുതിപ്പ്. ഇന്ത്യൻ ആർമിയുടെ ബംഗളൂരു കെ.വി എം.ഇ.ജി സെന്ററിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് ഒപ്റ്റിമിസ്റ്റ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മത്സരാർത്ഥിയായ ആൽഡ്രിൻ. നാലു ദിവസം നീണ്ടുനിൽക്കുന്ന 16 വയസിൽ താഴെയുള്ളവരുടെ മത്സരത്തിന്റെ ഫൈനൽ ഈ ഞായറാഴ്ചയാണ്. സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ഇന്ത്യൻ ആർമിയും. കൊടുങ്ങല്ലൂർ അഴീക്കോട്ടെ തീരദേശ മത്സ്യത്തൊഴിലാളി കുടുംബത്തിലെ ആന്റണിയുടെയും ലിബിയുടെയും മൂത്ത മകനാണ്. അടുത്ത ബന്ധുവും ഇന്ത്യൻ സെയിലിംഗ് താരവുമായ പ്രിൻസ് നോബിളാണ് വഴികാട്ടി. മലയാളിയായ ആർമി കോച്ച് നിജീഷിന്റെ കീഴിലായിരുന്നു പരിശീലന തുടക്കം.
രണ്ടു വർഷത്തിനുള്ളിൽ പരിശീലകരെയും അമ്പരപ്പിച്ച് ആൽഡ്രിൻ മെഡലുകൾ വാരിക്കൂട്ടി. പൂനെ, ഷില്ലോംഗ്, മുംബയ്, ചെന്നൈ എന്നിവിടങ്ങളിലെ മെഡൽ നേട്ടമാണ് ഇന്റർനാഷണൽ ഒപ്റ്റിമിസ്റ്റ് ഡിങ്കി അസോസിയേഷൻ (ഐ.ഒ.ഡി.എ) സംഘടിപ്പിക്കുന്ന രാജ്യാന്തര മത്സരത്തിലേക്ക് എത്തിച്ചത്. സഹോദരങ്ങൾ : ആൻഡ്രിയ മരിയ, ഏയ്ഡൻ ആന്റണി.
ഒപ്റ്റിമിസ്റ്റ് മത്സരം
വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഒരേ സമയം 80 ബോട്ടുകൾ മത്സരിക്കുന്നു. കാറ്റിന്റെ സഹായത്തിൽ ചതുരം പോലുള്ള 'ട്രാപെസോയിഡ്' ആകൃതിയിലുള്ള ട്രാക്കിലൂടെ വേണം ബോട്ട് ഓടിക്കാൻ. ലോ പോയിന്റ് സ്കോറിംഗ് സിസ്റ്റം അനുസരിച്ച് കുറഞ്ഞ പോയിന്റ് നേടുന്നവരാണ് വിജയിക്കുക. ഓരോ റേസും ഏകദേശം 50 മിനിറ്റ് കൊണ്ട് പൂർത്തിയാകുന്ന രീതിയിലാണ് ദൂരം ക്രമീകരിക്കുന്നത്. ഏകദേശം 5.5 കി.മീ മുതൽ 7.4 കി.മീ വരെ വരാറുണ്ട്. അറ്റ്‌ലാന്റിക് സമുദ്രവും മെഡിറ്ററേനിയൻ കടലും സംഗമിക്കുന്ന കടലിടുക്കിലെ കടുത്ത കാറ്റും ശക്തമായ അടിയൊഴുക്കും മൂലം മത്സരം കഠിനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |