ആലപ്പുഴ: വെള്ളവും ചെളിയും നിറഞ്ഞ റോഡ്. രാത്രിയിലാകട്ടെ വെളിച്ചവുമില്ല. കോടതിപ്പാലം മുതൽ ഔട്ട് പോസ്റ്റ് വരെയുള്ള റോഡിലാണ് മഴ പെയ്തതോടെ യാത്ര ദുരിതമായി മാറിയത്. കടന്നുപോകുന്ന വാഹനങ്ങൾക്കിടയിലൂടെ വെള്ളക്കെട്ടില്ലാത്ത സ്ഥലം നോക്കി നടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. വെളിച്ചമില്ലാത്തതിനാൽ തെന്നിവീണും ചെളിയിൽ ചവിട്ടിയുമാണ് പലരും ഈ റോഡ് താണ്ടിയെത്തുന്നത്.
കോടതിപ്പാലം നിർമ്മാണത്തിന്റെ ഭാഗമായി വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിച്ചിരുന്നു. കനാലിന്റെ മറുകരയിലെ മിനി സിവിൽ സ്റ്രേഷനിൽ നിന്നുള്ള അരണ്ട വെളിച്ചംമാത്രമാണ് രാത്രിയിൽ ഈ ഭാഗത്ത് ഏക ആശ്രയം. രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ലൈറ്റുകളുടെ പ്രകാശത്തെ ആശ്രയിച്ചാണ് പലരും നടക്കുന്നത്. പാലം നിർമ്മാണം നടക്കുന്നതിനാൽ റോഡ് അറ്റകുറ്റപ്പണി സാദ്ധ്യമല്ലെങ്കിലും വെളിച്ചം ഒരുക്കാനുള്ള നടപടിയെങ്കിലും വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വൈ.എം.എസി.എ, മുല്ലക്കൽ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗംകൂടിയാണ് ഈ റോഡ്
വെള്ളവും ചെളിയും, വെളിച്ചവുമില്ല
മഴക്കാലമായതിനാൽ യാത്രക്കാരുടെ സുരക്ഷ മുൻനിറുത്തി നിർമ്മാണ കമ്പനിയോ നഗരസഭയോ അടിയന്തിരമായി തെരുവ് വിളക്ക് സ്ഥാപിക്കണം
എതിരെ വാഹനം വന്നാൽ ഒതുങ്ങി നിൽക്കാൻ പോലും സ്ഥലമില്ലാത്ത റോഡിലൂടെയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ്
രണ്ടര മീറ്ററോളം വീതിയേ റോഡിനുള്ളൂ. പൈപ്പിടാൻ കുഴിയിട്ട ഭാഗത്ത് മഴ പെയ്തതോടെ കുഴിയും രൂപപ്പെട്ടു
പുതിയതായി നിർമ്മിച്ച മൃഗാശുപത്രിമുതൽ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് വരെയുള്ള സർവീസ് റോഡിലും യാത്ര വലിയ ബുദ്ധിമുട്ടാണ്
വെളിച്ചമില്ലാത്തതിനാൽ രാത്രികാലങ്ങളിൽ റോഡിലൂടെയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പരിസരത്ത് നിന്ന് മലമ്പാമ്പിനെ പിടിച്ചതുമുതൽ വലിയ ഭയമാണ്. വെളിച്ചം ഉറപ്പ് വരുത്താൻ അധികൃതർ തയ്യാറാവണം
-ആതിര, സെയിൽസ് ഗേൾ, മുല്ലയ്ക്കൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |