
അമ്പലപ്പുഴ: ദേശീയ പാതയിൽ നിർമ്മാണം പൂർത്തിയായ ഭാഗത്ത്
വിള്ളൽ കണ്ടെത്തി. പുന്നപ്ര പറവൂർ ജംഗ്ഷനിലെ മേൽപ്പാലത്തിൽ ടാറിംഗ് നടത്തിയ ഭാഗത്താണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിൽ ആദ്യം അടിപ്പാത നിർമ്മാണം പൂർത്തിയാക്കിയ സ്ഥലമാണിത്. മാസങ്ങൾക്ക് മുമ്പ് മേൽപ്പാലത്തിലൂടെ വാഹനഗതാഗതം അനുവദിച്ചിരുന്നു. എന്നാൽ, ഏതാനും ആഴ്ചകൾക്ക് ശേഷം ഗതാഗതം നിരോധിക്കുകയും പഴയതു പോലെ സർവീസ് റോഡിലൂടെ തുടരുകയുമായിരുന്നു. വിള്ളൽ കാരണമാണ് മേൽപ്പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചതെന്ന സംശയവും നാട്ടുകാർക്കുണ്ട്.
മേൽപ്പാലത്തിന്റെ തെക്ക്, വടക്ക് വശങ്ങളിലായി 150 മീറ്ററോളം നീളത്തിലാണ് വിള്ളൽ വീണത്. പാർശ്വഭിത്തിയിലെ ബലക്ഷയമോ, നിർമ്മാണത്തിലെ അപാകതയോ ആണ് വിള്ളലിന് കാരണമെന്നാണ് നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ തെക്കുഭാഗത്തെ വിളളൽ അറ്റകുറ്റപ്പണി നടത്തി മുകളിൽ ടാർ പൂശിയിട്ടുണ്ട്. എന്നാൽ, വടക്കുഭാഗത്തെ വിള്ളലിന്റെ വ്യാപ്തി ദിവസേന വർദ്ധിച്ചു വരുന്നതായി നാട്ടുകാർ പറയുന്നു. എന്തായാലും, നിർമ്മാണം പൂർത്തിയാകും മുമ്പേ
ദേശീയ പാതയിൽ വിള്ളൽ വീണത് നാട്ടുകാരിലും യാത്രക്കാരിലും ആശങ്കയുണർത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |