SignIn
Kerala Kaumudi Online
Thursday, 25 June 2026 11.55 AM IST

വിനോദയാത്രയ്ക്കിടെ വിദ്യാർത്ഥി മുങ്ങിമരിച്ച സംഭവം: അദ്ധ്യാപികമാർ മുൻകൂർ ജാമ്യത്തിന്

കിഴക്കമ്പലം: വിനോദയാത്രയ്ക്കിടെ സ്വകാര്യ പാർക്കിലെ വെള്ളക്കെട്ടിൽവീണ് അഞ്ചുവയസുകാരൻ മുങ്ങിമരിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾകൂടി ഉൾപ്പെടുത്തിയതോടെ കുട്ടിയെ പാർക്കിലെത്തിച്ച അദ്ധ്യാപികമാർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. കിഴക്കമ്പലം പഴങ്ങനാട് ലയൺസ് ജംഗിൾ പാർക്കിൽ മുഹമ്മദ് ആദം മരിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്.

സമ്മർക്യാമ്പിന്റെ ഭാഗമായി 25 കുട്ടികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോയപ്പോൾ ആറ് അദ്ധ്യാപികമാർ ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കാവശ്യമായ മുൻകരുതലുകൾ സ്കൂൾ അധികൃതർ സ്വീകരിച്ചിരുന്നു. എന്നാൽ പാർക്കിൽ അന്നേദിവസം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ചില ജലാശയ ഭാഗങ്ങളിൽ മതിയായ സുരക്ഷാവേലികളില്ലായിരുന്നുവെന്നും പാർക്ക് അധികൃതർ സുരക്ഷാഉറപ്പുകൾ പാലിച്ചില്ലെന്നും ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചിരുന്നില്ലെന്നുമാണ് അദ്ധ്യാപികമാരുടെ വാദം.

കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് തടിയിട്ടപറമ്പ് പൊലീസ് അറിയിച്ചു. കൂടുതൽ പേരുടെ ഉത്തരവാദിത്വം പരിശോധിക്കുന്നതിനായി നിലവിലുള്ള വകുപ്പുകൾ പുനഃക്രമീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പാർക്ക് നടത്തിപ്പുകാരുടെ ഭാഗത്തുണ്ടായ വീഴ്ചകളും കുട്ടികൾക്കൊപ്പമുണ്ടായിരുന്ന അദ്ധ്യാപകരുടെ ഉത്തരവാദിത്വവും ഉൾപ്പെടെയുള്ള വിവിധ വശങ്ങൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.

ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീറിന്റെയും അമീറയുടെയും മകനായ മുഹമ്മദ് ആദം കഴിഞ്ഞ ഏപ്രിൽ 21നാണ് വിനോദയാത്രയ്ക്കിടെ പാർക്കിലെ പണിപൂർത്തിയാകാത്ത വെള്ളച്ചാലിൽ വീണ് മരിച്ചത്. സംഭവസ്ഥലത്തെ സുരക്ഷാസംവിധാനങ്ങൾ, മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം തുടങ്ങിയ വിഷയങ്ങളിലെ അന്വേഷണം പൂർത്തിയായ ശേഷമേ കേസിലെ തുടർനടപടികളിലും അറസ്റ്റുകളിലും വ്യക്തത വരൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL