
തിരുവനന്തപുരം: സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി) അനുമതിപത്രം ലഭിച്ച ശേഷം സിനിമയിൽ നിയമവിരുദ്ധമായി മാറ്റം വരുത്തിയെന്ന പരാതിയിൽ 'മോളിവുഡ് ടൈംസ്' സിനിമയുടെ സംവിധായകൻ അഭിനവ് സുന്ദർ നായക്, നിർമ്മാതാവ് ആഷിക് ഉസ്മാൻ എന്നിവർക്കെതിരെ പൊലീസ് അന്വേഷണം. സെൻസർ ബോർഡ് ചില ഭാഗങ്ങൾ നീക്കം ചെയ്യാനും ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യാനും നിർദ്ദേശിച്ചിരുന്നു. പക്ഷേ അണിയറക്കാർ മാറ്റം വരുത്താതെ തിയേറ്ററിൽ പ്രദർശിപ്പിച്ചു.
സി.ബി.എഫ്.സി നിയമം ലംഘിച്ചെന്ന് കാട്ടി റീജ്യണൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ലം പൊലീസാണ് കേസെടുത്തത്. ചിലരുടെ മൊഴികളും രേഖപ്പെടുത്തി. കേന്ദ്ര വിവര സാങ്കേതിക പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സി.ബി.എഫ്.സിയിൽ നിന്നും 'യു.എ 16+' വിഭാഗത്തിലുള്ള അനുമതിപത്രം ലഭിച്ച ചിത്രം, ചില രംഗങ്ങളിൽ മാറ്റം വരുത്തി, അശ്ലീല സംഭാഷണം ഉൾപ്പെടുത്തിയെന്നാണ് എഫ്.ഐ.ആർ. സിനിമാറ്റോഗ്രാഫ് നിയമപ്രകാരമാണ് കേസ്. അതിനിടെ, മികച്ച കളക്ഷനോടെ സിനിമ പ്രദർശനം തുടരുകയാണ്.
മൂന്ന് വർഷം വരെ തടവ്
മൂന്ന് വർഷം വരെ തടവ് ശിക്ഷയോ, ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.
സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യൂറ്റർ, ഡിജിറ്റൽ ക്രിയേറ്റർ എന്നിവരെ വിളിച്ചുവരുത്തി പൊലീസിന് വിശദീകരണം തേടാം.
സെൻസർ ചെയ്യാത്തതാണ് പ്രദർശിപ്പിച്ചതെന്ന് കണ്ടെത്തിയാൽ നിയമ നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |