കൊച്ചി: എച്ച്.ആർ ജോലി വിട്ട് പച്ചക്കറി മുറിച്ച് വിൽക്കാനുള്ള തീരുമാനമായിരുന്നു ശ്രീതീർത്ഥയുടെ ജീവിതത്തിലെ വഴിത്തിരിവ്. എറണാകുളം ചെറായിയിൽ പച്ചക്കറികൾ തത്സമയം അരിഞ്ഞ് നൽകുന്ന 'പച്ച വെജി മാർട്ട് " ജനപ്രിയമായത് വെറും മൂന്ന് മാസംകൊണ്ട്. തരക്കേടില്ലാത്ത വരുമാനവും. സംരംഭം ഹിറ്റായതിനപ്പുറം മൂന്ന് സ്ത്രീകൾക്ക് ജോലി നൽകാൻ സാധിച്ചതിലാണ് 30കാരിയായ ശ്രീതീർത്ഥയുടെ സന്തോഷം.
അമ്മയും സഹോദരിയുമടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണാണ് ശ്രീതീർത്ഥ. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജിൽനിന്ന് ബിരുദം നേടി അഞ്ച് വർഷം ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തു. ഇതിനിടെ എം.ബി.എയും സ്വന്തമാക്കി കോയമ്പത്തൂരിലെ ബോട്ടിലിംഗ് കമ്പനിയിൽ എച്ച്.ആർ മാനേജരായി. നാട്ടിലുള്ള മൂന്നാം ക്ലാസുകാരനായ മകനൊപ്പം സമയം ചെലവിടാനാണ് ജോലി ഉപേക്ഷിച്ചത്. പിന്നാലെ പച്ചക്കറി ലൈവായി അരിഞ്ഞുനൽകുന്ന കടയെന്ന ആശയത്തിലെത്തി. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി മാർച്ച് 25ന് കട തുറന്നു.
ഒരു കിലോ പച്ചക്കറി അരിയുന്നതിന് 10 രൂപയാണ് മിനിമം ചാർജ്. ഇനം അനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകും. 600 ഗ്രാം സാമ്പാർ, അവിയൽ കട്ടിംഗ് പാക്കറ്റുകൾക്ക് 60 രൂപയും 300 ഗ്രാമിന്റെ തോരൻ പാക്കറ്റുകൾക്ക് 45 രൂപയുമാണ് നിരക്ക്. 5 രൂപ കൂടുതൽ നൽകിയാൽ തേങ്ങ ചിരകിയും വാങ്ങാം. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡെലിവറിയും സൗജന്യം. പരേതനായ ടി.പി. ശശിധരനാണ് പിതാവ്. അമ്മ ഷേർളിയും സഹോദരി എസ്. അനുശ്രീയും ഒപ്പമുണ്ട്.
ഡെലിവറി ഗേൾ
ഷീജയും ജിസയും ദുർഗയുമാണ് 'പച്ചയുടെ" കട്ടിംഗ് വിദഗ്ദ്ധർ. സംരംഭക തന്നെയാണ് ഡെലിവറി ഗേളും. പച്ചക്കറി അരിയാനും കൂടും. രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പ്രവർത്തനം.
സ്വപ്‌നത്തിൽ പോലും സംരംഭകയാകുമെന്ന് കരുതിയിട്ടില്ല. കൂടുതൽ കടകൾ തുറന്ന് നിരവധി സ്ത്രീകൾക്ക് ജോലി നൽകണമെന്നാണ് ആഗ്രഹം.
ശ്രീതീർത്ഥ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |