
പറവൂർ: സർക്കാരിന്റെ പുതിയ ബഡ്ജറ്റ് പഠിക്കാൻ പ്ളസ്ടു വിദ്യാർത്ഥികൾക്ക് രണ്ട് പാട്ട് കേട്ടാൽമതി. പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ്ടു അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയാണ് വ്യത്യസ്തമായ പാട്ടുകൾ തയ്യാറാക്കിയത്. ആദ്യഗാനം ബഡ്ജറ്റിനെക്കുറിച്ചുള്ള പൊതുവിവരങ്ങളാണ്. രണ്ടാമത്തെ പാട്ട് പുതിയ ബഡ്ജറ്റിലെ പ്രധാനനിർദ്ദേശങ്ങളും. ഹയർസെക്കൻഡറി വിഭാഗം സാമ്പത്തിക ശാസ്ത്രത്തിൽ ബഡ്ജറ്റെന്ന പാഠഭാഗത്തെ ആധാരമാക്കിയാണ് പാട്ടുകൾ. അഞ്ച് മിനിറ്റാണ് രണ്ട് പാട്ടുകളുടെയും ദൈർഘ്യം. പാട്ടിന്റെ വരികളെഴുതിയതും സംഗീതം നൽകിയതും പ്രമോദ് മാല്യങ്കര തന്നെ. ഗാനമാലപിച്ചത് പിന്നണിഗായിക രഞ്ജിനി മനോജാണ്. പൂർവവിദ്യാർത്ഥിയും കലാകാരനുമായ രാഗേഷ് കൃഷ്ണൻ ഇതിൽ സഹകരിച്ചു. വരുമാന അക്കൗണ്ട്, മൂലധന അക്കൗണ്ട്, നികുതി വരുമാനങ്ങൾ, നികുതിയേതര വരുമാനം തുടങ്ങി ബഡ്ജറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ലളിതമായ വാക്കുകളിലൂടെയാണ് പാട്ടിൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇക്കണോമിക്സ് പാഠഭാഗങ്ങൾ രസകരമായി പഠിക്കാൻ വിവിധ കലാസൃഷ്ടികളിലൂടെ പ്രമോദ് മാല്യങ്കര മുൻപും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം വ്യത്യസ്തമായ പഠനരീതികൾക്ക് സംസ്ഥാന അദ്ധ്യാപക അവാർഡ് അടക്കം പതിനഞ്ചിലധികം പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |