കൊച്ചി: എറണാകുളം നഗരത്തിൽ വൻ ലഹരിമരുന്നുവേട്ട. രാജ്യാന്തര ലഹരി വിപണിയിൽ 50ലക്ഷംരൂപ വിലമതിക്കുന്ന ബ്രൗൺഷുഗറുമായി അന്യസംസ്ഥാന യുവാക്കൾ അറസ്റ്റിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് തുടരുന്ന പ്രത്യേക നിരീക്ഷണത്തിലാണ് അസാം നൗഗാവോൺ ഹായ്ബോറോ സ്വദേശികളായ മൊനാർ ഹുസൈൻ (32), രംജാൻ അലി (21) എന്നിവരെ ഡാൻസാഫ് പിടികൂടിയത്. 300 ഗ്രാം ബ്രൗൺഷുഗറും പിടിച്ചെടുത്തു.
ഇന്നലെ രാത്രി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ഇരുവരും പിടിയിലാകുന്നത്. ട്രെയിനിൽ വന്നിറങ്ങിയശേഷം കൈമാറാൻ കാത്തുനിൽക്കവെയാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ എറണാകുളം നോർത്ത് പൊലീസിന് കൈമാറി. ഇരുവരും ലഹരി സംഘങ്ങളുടെ വാഹകരാണെന്ന് സംശയിക്കുന്നു.
സംസ്ഥാന പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ നാർക്കോഹണ്ടിന്റെ ഭാഗമായി നാളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നടൻ മോഹൻലാലും പങ്കെടുക്കുന്ന സംസ്ഥാനതല പരിപാടി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടക്കാനിരിക്കെയാണ് ലഹരിവേട്ട. മറ്റു രണ്ട് കേസുകളിൽ എളമക്കരയിലും നോർത്ത് സ്റ്റേഷനിലും എം.ഡി.എം.എയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അസാം, ഒഡീഷ, ബീഹാർ, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ബ്രൗൺഷുഗർ ഒഴുകുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലാണ് വിതരണം. എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിൽ അന്യസംസ്ഥാന സ്ത്രീകളെ ഉപയോഗിച്ചുള്ള ബ്രൗൺഷുഗർ വിതരണം വ്യാപകമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |