
കൊച്ചി: കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന ബോളിവുഡ് ചിത്രത്തിന്റെ നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷായ്ക്ക് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റിനെ ചോദ്യം ചെയ്തുകൊണ്ടും പേരിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള പുതിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്.
ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് ഹർജി പരിഗണിച്ചത്. ചിത്രം ഇതിനകം പുറത്തിറങ്ങിയതിനാൽ ഹർജിയ്ക്ക് ഇനി പ്രസക്തിയുണ്ടോ എന്ന് വാദത്തിനിടെ ജസ്റ്റിസ് ചോദിച്ചു. എന്നാൽ ഡിജിറ്റൽ റിലീസ് വരാനിരിക്കുന്നതിനാൽ പോരാട്ടം നിർണായകമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ചെൽസൺ ചെമ്പരത്തി കോടതിയിൽ വാദിച്ചു. ഹർജി തള്ളണമെന്നാണ് സെൻസർ ബോർഡിന്റെ ആവശ്യം.
വ്യത്യസ്ത മത, പ്രാദേശിക സമൂഹങ്ങൾക്കിടയിൽ സ്പർദ്ധ സൃഷ്ടിക്കുമെന്നും ദേശീയ ഐക്യത്തിന് എതിരാണെന്നും പൊതുസമാധാനത്തെ തകർക്കാൻ മനഃപൂർവമായി മതവിശ്വാസങ്ങളെ അപമാനിക്കുകയാണെന്നുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്.
ഫെബ്രുവരി 27നാണ് കേരള സ്റ്റോറി 2 തീയേറ്ററുകളിലെത്തിയത്. റിലീസിന് മുന്നോടിയായി ഹൈക്കോടതി സിംഗിൾ ബെഞ്ച് ചിത്രത്തിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഡിവിഷൻ ബെഞ്ച് ഇടപെട്ടാണ് റിലീസിന് അനുമതി നൽകിയത്. കാമാഖ്യ നാരായണ സിംഗ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |