
നെടുമ്പാശേരി: ആവശ്യത്തിലേറെ വീതിയുണ്ട്. എന്നിട്ടു വെറും നാല് കിലോമീറ്റർ റോഡിൽ പൊലിഞ്ഞ ജീവനുകൾ നിരവധിയാണ്. റബറൈസ്ഡ് ടാറിംഗിനെ തുടർന്നുള്ള മിനുസവും വളവുകളുമെല്ലാം കുരുതിക്കളമാക്കുന്ന അത്താണി - വിമാനത്താവള റോഡിൽ കഴിഞ്ഞ ദിവസവും അമിത വേഗതയിലെത്തിയ കാർ മൂന്ന് ജീവനുകൾ അപഹരിച്ചു. ഞായറാഴ്ച്ച രാത്രി അപകടം നടന്ന ഭാഗത്ത് മാത്രം റോഡ് നിർമ്മിച്ചതിന് ശേഷം ഒരു ഡസനോളം പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു.
കൊടും വളവും ഇരുഭാഗത്തും പോക്കറ്റ് റോഡുകൾ സംഗമിക്കുന്നതുമാണ് പ്രധാന അപകടകാരണം. അത്താണി റോഡിലേക്ക് ശാന്തിനഗർ റോഡും വിമാനത്താവള റോഡിലേക്ക് വാളേപ്പുറം റോഡുമാണ് കൂട്ടിമുട്ടുന്നത്. അത്താണിയിൽ നിന്ന് വിമാനത്താവള റോഡിലേക്ക് പ്രവേശിച്ചാൽ 400 മീറ്രർ മാത്രം പിന്നിടുമ്പോഴാണ് കൊടുംവളവും ഇടറോഡുകളുടെ സംഗമവും.
ആഗസ്റ്റ് 23നാണ് എയർപോർട്ട് റോഡിൽ സുവർണോദ്യാനം ഭാഗത്ത് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മാള കൂഴൂർ തുമ്പരശേരി ചെരിവ് പറമ്പിൽ ശശിയുടെ ഭാര്യ വത്സല മരിച്ചത്. പിന്നിൽ നിന്ന് വന്ന കാർ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച അപകടം നടന്ന സ്ഥലത്ത് നിന്ന് ഇവിടേക്ക് കേവലം 100 മീറ്റർ മാത്രമാണ് അകലം.
രണ്ട് മാസം മുമ്പ് എയർപോർട്ട് മേൽപ്പാലത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചിരുന്നു.
വി.ഐ.പി റോഡിന്
കുറുകെ വേണം മേൽപ്പാലം
വിമാനത്താവളത്തിലേക്കുള്ള വി.ഐ.പി റോഡ് വരുന്നതിനും മുമ്പേ നെടുമ്പാശരി പഞ്ചായത്തിലെ16 -ാം വാർഡിൽപ്പെട്ട വാളേപ്പുറം റോഡ് 15-ാം വാർഡിലെ ശാന്തി നഗർ റോഡിലേക്കാണ് ചേർന്നിരുന്നത്. വി.ഐ.പി റോഡ് നിർമ്മിച്ചതോടെ ഇരുഇടറോഡുകളും തമ്മിലുള്ള കണക്ഷൻ ഇല്ലാതായി. വി.ഐ.പി റോഡിൽ സഞ്ചരിച്ച് യു ടേൺ ചെയ്ത് മാത്രമെ ഇടറോഡുകളിൽ കയറാൻ സാധിക്കൂ. വി.ഐ.പി റോഡിന് കുറുകെ മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വിമാനത്താവള റോഡിലെ അമിത വേഗത നിയന്ത്രിക്കാൻ നടപടി വേണം. സന്ധ്യമയങ്ങിയാൽ അപരിചിതരായ യുവാക്കളുടെ വിളയാട്ടമാണ്. മദ്യപാനവും ലഹരി ഉപയോഗവുമെല്ലാം ഉണ്ട്. രാത്രി കാലങ്ങളിൽ വി.ഐ.പി റോഡിൽ വാഹന റൈസിംഗും നടക്കുന്നുണ്ട്.
കെ.എസ്. സ്വാമിനാഥൻ
പ്രസിഡന്റ്,
ശാന്തി നഗർ റെസി. അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |