SignIn
Kerala Kaumudi Online
Monday, 22 June 2026 3.38 AM IST

മഴക്കാലപൂർവ ശുചീകരണം പാളി, പകർച്ചവ്യാധി ഭീഷണി

malinyam-
കണ്ണൂർ കാൾടെക്സിലെ അശോക ഹോസ്പിറ്റൽ റോഡരികിലെ മാലിന്യം

കണ്ണൂർ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളിയതോടെ, പകർച്ചവ്യാധി വ്യാപനത്തിന്റെ കടുത്ത ആശങ്കയിൽ ജില്ല. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും വൈകിയാൽ ഡെങ്കി, എലിപ്പനി കേസുകൾ കുത്തനെ ഉയരുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഷിഗെല്ലയിൽ തീവ്രജാഗ്രത വേണമെന്ന് ജില്ലാ ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടില്ല. കണ്ണൂർ നഗരത്തിന്റെ വിവിധയിടങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നതും പതിവാണ്. നഗര ഹൃദയമായ കാൾടെക്സിലെ അശോക ഹോസ്പിറ്റൽ റോഡിലെ വഴിയരികിൽ മാലിന്യം കെട്ടികിടക്കുന്നതുകൊണ്ട് വഴിയാത്രക്കാർ മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. മാലിന്യം തള്ളുന്നവർക്കെതിരെ കോർപറേഷൻ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നു.

നഗരത്തിലെ ഓവുചാലുകൾ, കെട്ടിടങ്ങളുടെ ഇടഭാഗങ്ങൾ, ഇവയുടെ പുറംഭാഗങ്ങൾ എന്നിവിടങ്ങളിലുള്ള മാലിന്യങ്ങൾ നീക്കിയിട്ടുമില്ല. കാൽടെക്സിലെ ഓവുചാലിൽ പ്ലാസ്റ്റിക്ക് കുപ്പികളടക്കം നീക്കംചെയ്യാതെ കെട്ടിക്കിടക്കുന്നുണ്ട്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലെ ചില വാർഡുകളിൽ മാത്രം ചുരുങ്ങിയെന്നാണ് വിലയിരുത്തൽ. കാടുകൾ വെട്ടി വൃത്തിയാക്കിയെങ്കിലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കിയിട്ടില്ല. പേരിന് മാത്രമാണ് ഭൂരിപക്ഷം തദ്ദേശ സ്ഥപനങ്ങളും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്.


ഈ മാസം പനിബാധിച്ചവർ 10,134

ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഈ മാസം ഇതുവരെ 10,134 പേർ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 31 ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നാല് പേർക്ക് ഷിഗെല്ല രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടിലെ വിവിധ പ്രൈമറി ഹെൽത്ത് സെന്ററിൽ ദിവസവും ചുരുങ്ങിയത് 130 പേരെങ്കിലും വൈറൽ പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്നുണ്ടെന്നാണ് കണക്ക്. ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ മണിക്കൂറോളം കാത്തുനിന്നാണ് ചികിത്സ തേടുന്നത്. എല്ലാ പ്രൈമറി ഹെൽത്ത് സെന്ററിലും ദിവസവും മൂന്ന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ആസൂത്രണമില്ലെന്ന് ആക്ഷേപം

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും ആസൂത്രണമില്ലാതെ നടത്തിയെന്ന ആക്ഷേപവുമുണ്ട്. നാട്ടിലെ വിവിധ സംഘടനകളെ മഴക്കാലപൂർവ ശുചീകരണത്തിൽ ഭാഗമാക്കിയില്ലെന്ന വിമർശനവും ഉയരുന്നു. വ്യാപാര സ്ഥാപനങ്ങളുടെ മുൻവശങ്ങൾ ശുചീകരിക്കാൻ വ്യാപാര സംഘടനകളെ സഹകരിപ്പിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. പേരിന് മാത്രമാണ് തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, EPIDEMIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL