ബ്ലോക്ക് സമ്മേളനത്തിൽ ജയിൽ സന്ദേശം വായിച്ചു
കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ചതിന് 20 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതിയെ ഭാരവാഹിയാക്കി ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റി. വെള്ളൂരിലെ ടി.സി.വി. നന്ദകുമാറിനെയാണ് ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് ട്രഷററായി കഴിഞ്ഞ ദിവസം ചേർന്ന ബ്ലോക്ക് സമ്മേളനം തിരഞ്ഞെടുത്തത്. കൊലക്കേസിലും നന്ദകുമാർ പ്രതിയാണ്.
കഴിഞ്ഞ തവണ ബ്ലോക്ക് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തെ ഇപ്പോൾ ഒരുപടി ഉയർത്തി ട്രഷറർ പദവിയിലേക്ക് നിയോഗിക്കുകയായിരുന്നു. 20 വർഷം ശിക്ഷ ലഭിച്ച് ജയിലിൽ കഴിയുന്ന മുൻ ബ്ലോക്ക് സെക്രട്ടറി വി.കെ. നിഷാദിന്റെയും നന്ദകുമാറിന്റെയും സന്ദേശങ്ങൾ സമ്മേളനത്തിൽ വായിക്കുകയും ചെയ്തു. സി.വി. രഹിനേജ് സെക്രട്ടറിയും സി. ഷിജിൽ പ്രസിഡന്റുമായാണ് പുതിയ കമ്മിറ്റി രൂപീകൃതമായത്.
2012ൽ അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജൻ അറസ്റ്റിലായതുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലാണ് നിഷാദും നന്ദകുമാറും ശിക്ഷിക്കപ്പെട്ടത്. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ നിഷാദ്, ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയും പയ്യന്നൂർ നഗരസഭ കാറമേൽ വെസ്റ്റ് വാർഡിലെ കൗൺസിലറുമാണ്. 20 വർഷം തടവിനു പുറമേ ഇരുവരും രണ്ടര ലക്ഷം രൂപ വീതം പിഴ അടക്കാനും തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധിച്ചിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ശിക്ഷ വിധിക്കപ്പെടുന്നതിന് മുൻപ് പത്രിക നൽകിയതിനാൽ നിഷാദിന് സ്ഥാനാർത്ഥിത്വത്തിന് നിയമതടസ്സമുണ്ടായിരുന്നില്ല. ജയിലിൽ കഴിയവേ മത്സരിച്ച് ജയിച്ചെങ്കിലും ശിക്ഷാവിധി കാരണം കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ നിഷാദിന് കഴിഞ്ഞിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |