കേളകം: കേളകം പഞ്ചായത്തിലെ വെണ്ടേക്കുംചാലിലും മീശക്കവലയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങി നാട്ടുകാരെ വിറപ്പിച്ച പുള്ളിപ്പുലി ഒടുവിൽ വനം വകുപ്പ് വച്ച കെണിയിൽ കുടുങ്ങി. മീശക്കവലയിൽ വട്ടുകുളം തോമസിന്റെ റബ്ബർ തോട്ടത്തിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി എട്ടര മണിയോടെ പുള്ളിപ്പുലി കുടുങ്ങിയത്. ഇതോടെ വെണ്ടേക്കുംചാൽ, പൊയ്യമല, രാമച്ചി, മീശക്കവല മേഖലകളിലെ ജനങ്ങൾക്ക് ആശ്വാസമായി.
വെണ്ടേക്കുംചാലിലും, മീശക്കവലയിലും പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ഇന്നലെ രാവിലെ മുതൽ പ്രദേശങ്ങളിൽ വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി. നിതിൻ രാജ്, വെറ്ററിനറി സർജൻ ഡോ. ഇലിയാസ് റാവുത്തർ, ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ 32 ഉദ്യോഗസ്ഥരാണ് ഇന്നലെ ദൗത്യത്തിൽ പങ്കെടുത്തത്. ഇവർ മൂന്ന് ടീമുകളായി തിരിഞ്ഞ് വെണ്ടേക്കുംചാൽ, മീശക്കവല, പൊയ്യമല പ്രദേശങ്ങളിലാണ് തിരച്ചിൽ നടത്തിയത്. മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാൽ കഴിഞ്ഞ ദിവസം പുലി പിടിച്ചു കൊണ്ടുപോയെന്ന് കരുതുന്ന ആടിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ സംഘം കണ്ടെത്തി. പുലിയുടെ കാല്പാടുകൾ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ 500 ഓളം മീറ്റർ അകലെയുള്ള പൊയ്യമല ഭാഗത്തേക്ക് പുലി കടന്നുപോയതായി വനം വകുപ്പ് സ്ഥിരീകരിച്ചു. തുടർന്ന് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും പ്രദേശത്ത് കൂട് സ്ഥാപിച്ച് നൈറ്റ് പട്രോളിംഗും, ഡ്രോൺ പരിശോധന നടത്തുന്നതിനിടയിലാണ് ഇന്നലെ രാത്രി എട്ടര മണിയോടെ പുള്ളിപ്പുലി മീശക്കവലയിൽ വനം വകുപ്പിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന കൂട്ടിൽ കുടുങ്ങിയത്. തുടർന്ന് രാത്രി ഒമ്പതരയോടെ വനം വകുപ്പിന്റെ വാഹനത്തിൽ കയറ്റി ആറളത്തേക്ക് കൊണ്ടുപോയി.
പുലി കൂട്ടിൽ കുടുങ്ങിയ വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും നാട്ടുകാരും സ്ഥലത്തെത്തി. പുലിയെ അടുത്തുതന്നെ തുറന്നു വിടുമെന്ന ആശങ്കയിൽ കൊണ്ടുപോകുന്നതെവിടെക്കാണെന്ന് പറയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ടു ദിവസം ആറളം വന്യജീവി സങ്കേതത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം നിരീക്ഷണം നടത്തിയതിന് ശേഷം മൃഗശാലയിലേക്ക് മാറ്റുമെന്നാണ് വനപാലകർ അറിയിച്ചത്. പുലിയെ പിടികൂടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വനപാലകരും നാട്ടുകാരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |