SignIn
Kerala Kaumudi Online
Monday, 12 October 2026 4.25 AM IST

കൊച്ചുവീട്ടിൽ അമ്മൂമ്മ സരസമ്മ മാത്രം അമ്മയുടെ ഓർമ്മദിനത്തിൽ അഞ്ജലിയും യാത്രയായി

കോട്ടയം: ആ കൊച്ചുകൂരയിൽ ഇനി അമ്മൂമ്മ സരസമ്മ മാത്രം.... പഠനം പാതിയിൽ ഉപേക്ഷിച്ചത് അമ്മൂമ്മയ്ക്ക് വേണ്ടി... ഒടുവിൽ സരസമ്മയെയും തനിച്ചാക്കി അഞ്ജലിയും യാത്രയായി. സുരക്ഷിതമായൊരു വീട്, നല്ലൊരു ജോലി, അമ്മൂമ്മയ്ക്ക് സംരക്ഷണം... അഞ്ജലി മനസിൽ സൂക്ഷിച്ച സ്വപ്നങ്ങളെല്ലാം പാതിവഴിയിൽ ബാക്കിയാക്കി. മൂന്നാം വയസിൽ അമ്മയെ നഷ്ടപ്പെട്ട അഞ്ജലിയുടെ വിയോഗം 16 വർഷങ്ങൾക്ക് ശേഷം അതേദിവസം തന്നെ എന്നതും വിധിയുടെ ക്രൂരതയായി.

അമ്മ സന്ധ്യ മരിക്കുമ്പോൾ അഞ്ജലിക്ക് പ്രായം മൂന്ന് വയസ്. പൊള്ളലേറ്റായിരുന്നു മരണം. പിതാവ് അജയകുമാറിനെക്കുറിച്ചും അഞ്ജലിക്ക് അറിവില്ല. സന്ധ്യയുടെയും അജയകുമാറിന്റെയും ഏകമകളെ പിന്നീട് വളർത്തിയത് അമ്മൂമ്മ സരസമ്മയാണ്. പ്രയാസങ്ങൾക്കിടയിലും കൊച്ചുമകൾക്കായി ആ വല്യമ്മ കഷ്ടപ്പെട്ടു. ഹൃദ്രോഗിയായ സരസമ്മ വീട്ടുജോലികൾ ചെയ്താണ് അഞ്ജലിയുടെ ജീവിതത്തിന് താങ്ങായത്. നഗരസഭയിലെ അഞ്ചാം വാർഡിൽ സർക്കാർ അനുവദിച്ച മൂന്ന് സെന്റ് സ്ഥലത്തെ കൊച്ചുവീട്ടിലായിരുന്നു ഇരുവരുടെ താമസം.

ജീവിതപ്രാരാബ്ദങ്ങൾമൂലം പ്ലസ് ടു പഠനം പാതിയിൽ ഉപേക്ഷിച്ചു. പിന്നീട് നഗരത്തിലെ സ്വകാര്യ ടെക്‌സ്‌റ്റൈൽ ഷോപ്പിൽ ജോലിക്ക് കയറി. തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും ജീവിതം കെട്ടിപ്പടുക്കാനുമുള്ള ശ്രമത്തിലായിരുന്നു ഇരുവരും. മകളുടെ മരണസമയത്തും പിതാവ് എത്തിയില്ല. മരണവിവരമറിഞ്ഞ് അമ്മാവനും അമ്മായിയും അവരുടെ മകനും മാത്രമാണ് നട്ടാശേരിയിലെ വീട്ടിലെത്തിയത്. വാർഡ് കൗൺസിലർ ദിവ്യ സുജിത്തും അയൽവാസികളും ചേർന്നാണ് അഞ്ജലിയുടെ അന്ത്യയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL