കോഴിക്കോട്: കാടുമൂടി കായികതാരങ്ങൾക്ക് പ്രവേശനമില്ലാതെ സംസ്ഥാനത്തെ ആദ്യ സ്‌പോർട്‌സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട്. കായികതാരങ്ങൾക്ക് പരിക്കേറ്റാൽ കുറഞ്ഞ ചെലവിൽ വിദഗ്ദ്ധചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ സ്‌പോർട്‌സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. എന്നാൽ ഒരു വർഷത്തിലേറെയായി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനരഹിതമായി കിടക്കുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഒരുക്കിയ അത്യാധുനിക സൗകര്യങ്ങളും മെഡിക്കൽ ഉപകരണങ്ങളും നിലവിൽ പൊടിയും തുരുമ്പും പിടിച്ച് നശിക്കുന്ന അവസ്ഥയിലാണ്. ആർക്കും എളുപ്പത്തിൽ പ്രവേശിക്കാവുന്ന തരത്തിൽ അനാഥമായി കിടക്കുന്ന കെട്ടിടത്തിൽ കഴിഞ്ഞ ദിവസം മോഷണശ്രമവുമുണ്ടായി. പരിസരം മുഴുവൻ കാടുകയറി തെരുവുനായ്ക്കളുടെ താവളമായി മാറിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
2010ലാണ് സ്‌പോർട്‌സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് സർജനും ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ ഡോക്ടറുമായിരുന്ന ഡോ. ഷെർവിൻ ഷരീഫ് ഡപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ആറുവർഷത്തോളം ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ വകുപ്പുതല സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ തിരിച്ചുവിളിച്ചതോടെയാണ് സ്ഥാപനത്തിന്റെ കഷ്ടകാലം തുടങ്ങിയത്. തുടർന്ന് മറ്റ് ഡോക്ടർമാരുടെ സേവനത്തോടെ ഒ.പി. പ്രവർത്തിച്ചെങ്കിലും കഴിഞ്ഞ ഒരു വർഷമായി അതും പൂർണമായും നിലച്ചിരിക്കുകയാണ്.
16 വർഷം, സ്ഥിരം തസ്തികകളില്ല
സ്ഥാപനം തുടങ്ങി 16 വർഷം കഴിഞ്ഞിട്ടും ഇവിടേക്കാവശ്യമായ ഡോക്ടർമാരെയോ മറ്റ് ജീവനക്കാരെയോ സ്ഥിരമായി നിയമിക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ മറ്റൊരു വിഭാഗത്തിൽ ഒ.പി നടത്തുന്നുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഈ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം പൂർണമായും അടഞ്ഞുകിടക്കുകയാണ്.
ഫിസിയോതെറാപ്പി യൂണിറ്റും ജിമ്മും പ്രവർത്തനം നിർത്തിയതോടെ കായികതാരങ്ങളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. മുമ്പ് സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ ലഭിച്ചിരുന്ന ചികിത്സയ്ക്കും പുനരധിവാസ സേവനങ്ങൾക്കുമായി ഇപ്പോൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. ഇതിനായി മണിക്കൂറിന് 1,000 മുതൽ 1,500 രൂപ വരെ ചെലവാകുന്നുണ്ടെന്നാണ് കായികതാരങ്ങൾ പറയുന്നത്. കായികമേഖലയ്ക്ക് ഏറെ പ്രയോജനകരമായ ഈ സ്ഥാപനം പുനരാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കായികതാരങ്ങളുടെ ആവശ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |