മുന്നിൽ മലപ്പുറം
തൃശൂർ: സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി വഴി ഇതേവരെ 1,47,485 കണക്ഷനുകൾ വിതരണം ചെയ്‌തെന്ന് വിവരം. ഇതിൽ 1,16,360 കണക്ഷനുകൾ ബി.പി.എൽ കുടുംബങ്ങൾക്കും സാധാരണക്കാർക്കുമാണ് നൽകിയത്. കണക്‌ഷനുകളുടെ എണ്ണത്തിൽ മലപ്പുറമാണ് ഒന്നാമത്, 31,352. കോട്ടയം (13,000), കോഴിക്കോട് (12,792), എറണാകുളം (11,879) ജില്ലകൾ തൊട്ടുപിന്നിലുണ്ട്. ഏറ്റവും കുറവ് കണക്‌ഷനുകൾ കാസർകോടാണ്, 3,229. പത്തനംതിട്ടയിൽ 3,920 കണക്‌ഷനുകൾ നൽകി.
ആകെ 30,897 സർക്കാർ ഓഫീസുകളിൽ കണക്‌ഷൻ ലഭ്യമാക്കി. ഇതിൽ മലപ്പുറം (3,435), തിരുവനന്തപുരം (3,187) ജില്ലകളാണ് മുന്നിൽ. പദ്ധതിക്കായി ഇതേവെര 1,041.05 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 715.90 കോടി രൂപ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വിഹിതമാണ്.
29 ജീവനക്കാർ; ലക്ഷങ്ങൾ ശമ്പളം
നിലവിൽ 29 ജീവനക്കാരാണ് കെ ഫോണിലുള്ളത്. ഉന്നത ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങളാണ് പ്രതിമാസ ശമ്പളം. ചീഫ് ടെക്‌നോളജി ഓഫീസർ, ചീഫ് സെയിൽസ് ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ എന്നിവർക്ക് 2,24,000 രൂപ വീതമാണ് ശമ്പളം. ജനറൽ മാനേജർക്ക് 1,51,400 രൂപയും ഡി.ജി.എം തസ്തികയിലുള്ളവർക്ക് 1,37,500 മുതൽ 1,40,000 രൂപ വരെയുമാണ് പ്രതിമാസ വേതനം. 15 ഡിസ്ട്രിക്ട് ടെലികോം എക്‌സിക്യൂട്ടിവുമാർക്ക് 30,000 രൂപ അടിസ്ഥാന ശമ്പളവും ഇൻസെന്റീവും നൽകുന്നുണ്ട്.
കെ ഫോൺ പോർട്ടൽ വഴിയോ 'എന്റെ കെഫോൺ' മൊബൈൽ ആപ്ലിക്കേഷൻ വഴിയോ പുതിയ കണക്‌ഷനായി അപേക്ഷിക്കാം. ലൊക്കേഷൻ പരിശോധിച്ച് കെ.വൈ.സി സമർപ്പിക്കുന്ന മുറയ്ക്ക് കണക്‌ഷനുകൾ നൽകുന്നതാണ് രീതി. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് കെഫോൺ അധികൃതർ നൽകിയ മറുപടിയിലാണ് പദ്ധതി പുരോഗതി വെളിപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |