SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.05 AM IST

ക്യാബേജ് കഴിച്ച് ദിവസങ്ങൾകൊണ്ട് പത്ത് കിലോ ശരീരഭാരം കുറയ്‌ക്കാം; പല പ്രമുഖരുടെയും ആരോഗ്യരഹസ്യം ഇതാണ്

cabbage

ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് പ്രായം കൂടിവരുമ്പോൾ. ഇത്തരത്തിൽ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിനായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാബിനറ്റ് അംഗങ്ങൾ പുതിയൊരു ഭക്ഷണക്രമം സ്വീകരിച്ച വാർത്തയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. പ്രത്യേകതരം ഭക്ഷണമായ സോർക്രാട്ടും മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളുമാണ് ഇവർ ഡയറ്റിൽ കൂടുതലായും ഉൾപ്പെടുത്തിയിരിക്കുന്നത്.

വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ, വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്, ഗതാഗത സെക്രട്ടറി സീൻ ഡഫി എന്നിവരുൾപ്പെടെ ട്രംപ് ഭരണകൂടത്തിലെ എല്ലാ ഉന്നതരും ഉപ്പിലിട്ട ക്യാബേജ് അഥവാ സോർക്രാട്ട് ആണ് കഴിക്കുന്നതെന്ന് വാൾ സ്‌ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്‌തു. ശരീരഭാരം കുറയുന്നതിനും ആരോഗ്യഗുണങ്ങൾക്കുമായി സോർക്രാട്ട് ഇവർ നിത്യേന കഴിക്കുന്നത് ശീലമാക്കിയിരിക്കുകയാണ്. ട്രംപിന്റെ ക്യാബിനറ്റ് അംഗങ്ങൾക്ക് പ്രിയപ്പെട്ട ഈ ഭക്ഷണക്രമം എന്താണെന്ന് വിശദമായി അറിയാം.

എന്താണ് സോർക്രാട്ട്?

വളരെ കനംകുറച്ച് അരിഞ്ഞ കാബേജും ഉപ്പും ചേർത്ത് തയ്യാറാക്കുന്ന ഒരു പരമ്പരാഗത വിഭവമാണിത്. ബാക്‌ടീരിയകളുടെ സഹായത്തോടെ കാബേജിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയെ ലാക്‌റ്റിക് ആസിഡാക്കി മാറ്റുന്ന സ്വാഭാവിക പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. മാങ്ങ ഉപ്പിലിട്ടതുപോലുള്ള രുചിയായിരിക്കും ഇതിനുണ്ടാവുക. നേരിയ പുളിയുള്ള സോർക്രാട്ട് കഴിക്കാൻ നല്ല രുചിയാണ്. നൂറ്റാണ്ടുകളായി യൂറോപ്പിന്റെ പല ഭാഗങ്ങളിൽ ഈ ഭക്ഷണം വ്യാപകമായി തയ്യാറാക്കിവരുന്നു. മാംസം, സോസേജുകൾ, ഉരുളക്കിഴങ്ങ് എന്നിവയ്‌ക്കൊപ്പം ഒരു സൈഡ് ഡിഷായി സോർക്രാട്ട് വിളമ്പാറുണ്ട്.

പുളിപ്പിച്ച ഭക്ഷണമായതിനാൽ സോർക്രാട്ടിൽ പ്രോബയോട്ടിക്‌സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഇത് വളരെ നല്ലതാണ്. സോർക്രാട്ടിൽ കലോറി വളരെ കുറവാണെന്നാണ് പോഷകാഹാര വിദഗ്ദ്ധർ പറയുന്നത്. കൂടാതെ നാരുകൾ, വൈറ്റമിൻ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ, കടകളിൽ നിന്ന് വാങ്ങാൻ കിട്ടുന്ന സോർക്രാട്ടിൽ സോഡിയത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതിനാൽ, ലേബലുകൾ വായിച്ച് നോക്കാൻ ശ്രദ്ധിക്കുക.

food

ക്യാബിനറ്റിലെ എല്ലാവരും കഴിക്കാൻ കാരണം

ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഡോ. സീൻ ഒ'മാരയാണ് ഇവർക്ക് ഈ ഭക്ഷണം നിർദേശിച്ചത്. സമൂഹത്തിൽ ഉയർന്നപദവിയിലുള്ളവരുടെ ആരോഗ്യത്തിനായി പോഷകാഹാരത്തെക്കുറിച്ച് ഉപദേശങ്ങൾ നൽകുന്ന ഡോക്‌ടറാണ് ഇദ്ദേഹം. മദ്യം, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കാനും സീൻ ഇവർക്ക് നിർദേശം നൽകി. സോർക്രാട്ട്, കിംചി, പുല്ല് തിന്നുന്ന ജീവികളുടെ മാംസം എന്നിവ കഴിക്കാനും ഡോക്‌ടർ ഇവരോട് പറഞ്ഞു.

ആന്തരിക അവയവങ്ങൾക്ക് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഹൃദ്‌രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇങ്ങനെയുള്ള കൊഴുപ്പ് കുറയ്‌ക്കാൻ താൻ നിർദേശിച്ച ഭക്ഷണക്രമത്തിലൂടെ സാധിക്കുമെന്നാണ് ഡോക്‌ടർ പറയുന്നത്. ദഹനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും. കെന്നഡി ഏറെനാളായി ഇത് പരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടുണ്ട്. സോർക്രാട്ടിന്റെ ശക്തമായ മണവും രുചിയും തനിക്ക് ഇഷ്‌ടമല്ലെങ്കിലും ശരീരത്തിലെ കൊഴുപ്പും മറ്റ് രോഗങ്ങളും കുറയ്‌ക്കാൻ സഹായിക്കുമെന്ന് ഇതിനോടകം മനസിലായെന്ന് കെന്നഡി പറഞ്ഞു. 30 ദിവസത്തിനുള്ലിൽ അദ്ദേഹത്തിന്റെ 20 പൗണ്ട് (ഏകദേശം 10 കിലോഗ്രാം) ഭാരമാണ് കുറഞ്ഞത്.

ഈ വർഷം ആദ്യം ജെഡി വാൻസും ഈ ഡയറ്റ് ആരംഭിച്ചിരുന്നു. മുട്ട, സോർക്രാട്ട്, അച്ചാറുകൾ, പഴങ്ങൾ, ബീഫ് അല്ലെങ്കിൽ മട്ടൺ എന്നിവയാണ് ഇദ്ദേഹം കഴിക്കുന്നത്. കെന്നഡിയുടെ നിർദേശപ്രകാരമാണ് ലുട്‌നിക്ക് ഈ ഡയറ്റ് ആരംഭിച്ചത്. മുൻ ഹൗസ് സ്‌പീക്കർ കെവിൻ മക്കാർത്തിയും ഇവരുടെ ശരീരത്തിലെ മാറ്റം കണ്ട് ഡയറ്റെടുക്കാൻ തുടങ്ങി.

സീൻ ഡോക്‌ടറെ കണ്ടശേഷം തന്റെ അരക്കെട്ടിന്റെ ചുറ്റുമുള്ല നാല് ഇഞ്ച് കുറഞ്ഞതായി മക്കാർത്തി പറഞ്ഞു. വലിയ മാറ്റമാണ് സോർക്രാട്ട് ഈ പ്രമുഖരുടെ ജീവിതത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ യാത്ര ചെയ്യുമ്പോൾ പോലും കെന്നഡി സോർക്രാട്ട് കയ്യിൽ കരുതാറുണ്ട്. താൻ കടയിൽ നിന്നുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിയെുന്നും വീട്ടിൽ പുളിപ്പിച്ചെടുത്ത പച്ചക്കറികളാണ് കഴിക്കുന്നതെന്നും ലുട്‌നിക് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUERKRAUT, EXPLAINER, HEALTHY FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360