SignIn
Kerala Kaumudi Online
Tuesday, 23 June 2026 11.26 AM IST

'എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നിയ നിമിഷം'; വെളിപ്പെടുത്തലുമായി മെസി

messi

ഡാലസ്: ലോകകപ്പിൽ ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ പാഴായ പെനാൽറ്റിയെക്കുറിച്ച് മനസ് തുറന്ന് അർജന്റീന നായകൻ ലയണൽ മെസി. മത്സരത്തിന്റെ ഏഴാം മിനിട്ടിൽ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി കിക്ക് പുറത്തേക്ക് അടിച്ചുകളഞ്ഞതിൽ തനിക്ക് തന്നോട് തന്നെ ദേഷ്യം തോന്നിയെന്നും മെസി വ്യക്തമാക്കി. പെനാൽറ്റി പാഴാക്കിയെങ്കിലും തകർപ്പൻ രണ്ട് ഫീൽഡ് ഗോളുകളിലൂടെയാണ് മെസി ചരിത്രം കുറിച്ചത്.

ലോകകപ്പിലെ തന്റെ 17ാമത്തേയും 18ാമത്തേയും ഗോളുകളുമായി മെസി റെക്കാഡിട്ട മത്സരത്തിൽ ഓസ്ട്രിയയെ 2-0ത്തിന് കീഴടക്കി അർജന്റീന രണ്ടാം റൗണ്ടിലെത്തി. 38-ാം മിനിറ്റിൽ ഫകുൻഡോ മെദീനയുടെ പാസിൽ നിന്നാണ് മെസി ലോകകപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന മുൻ ജർമ്മൻ താരം മിറോസ്ളാവ് ക്‌ളോസെയുടെ (16) റെക്കാഡ് തിരുത്തിയെഴുതിയത്. കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കേയായിരുന്നു രണ്ടാം ഗോൾ. ലോകകപ്പിലെ തന്റെ തുടർച്ചയായ ആറാം മത്സരത്തിലാണ് മെസി സ്‌കോർ ചെയ്തത്.

മത്സരത്തിന്റെ നാലാം മിനിറ്റിൽ ലൗട്ടാരോ മാർട്ടീനസിനെ ബോക്സിനുള്ളിൽ ഓസ്ട്രിയന്‍ ഡിഫന്‍ഡര്‍മാര്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. ആദ്യം ഫൗള്‍ വിളിച്ചില്ലെങ്കിലും പിന്നീട് വാര്‍ പരിശോധനയിലാണ് പെനാൽറ്റി അനുവദിച്ചത്. എന്നാല്‍ കിക്കെടുത്ത അര്‍ജന്റീന്‍ നായകന് പിഴയ്ക്കുകയായിരുന്നു. പെനാൽറ്റി നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് മത്സരശേഷം മെസി തുറന്നുപറഞ്ഞിരുന്നു.

'പെനാൽറ്റി നഷ്ടപ്പെടുത്തിയ ആ നിമിഷം എനിക്ക് എന്നോട് തന്നെ കടുത്ത ദേഷ്യം തോന്നി. കാരണം ഞാൻ ആ കിക്ക് എടുത്തത് വളരെ മോശമായിട്ടായിരുന്നു. എന്നാൽ ഭാഗ്യവശാൽ കളിയിൽ ഞങ്ങൾക്ക് ലീഡ് ഉയർത്താൻ കഴിഞ്ഞു. ഞങ്ങൾ അർജന്റീനയാണ്. എപ്പോഴും വിജയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും'- മെസി വ്യക്തമാക്കി. ജോര്‍ദാനെതിരെയാണ് അര്‍ജന്റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, LIONEL MESSI, MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360