SignIn
Kerala Kaumudi Online
Friday, 19 June 2026 12.21 AM IST

മത്തിയും അയലയും ചിലപ്പോൾ പാടെ അപ്രത്യക്ഷമാകും; മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലേക്ക്?

el-nino

കൊച്ചി: പസഫിക് സമുദ്രത്തിന്റെ മദ്ധ്യഭാഗത്തും കിഴക്കൻ ഭാഗത്തുമുള്ള ഉപരിതല ജലം അസാധാരണമായി ചൂടാകുന്ന പ്രതിഭാസത്തെയാണ് 'എൽ നിനോ' എന്ന് വിളിക്കുന്നത്.തെക്കേ അമേരിക്കയിലെ പെറുവിലുള്ള മുക്കുവരാണ് ഈ പ്രതിഭാസത്തിന് 'എൽ നിനോ' എന്ന് പേര് നൽകിയത്.

ഇത് തെക്കുപടിഞ്ഞാറൻ ഇടവപ്പാതി സമയത്ത് കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. 2026 നവംബർ മുതൽ 2027 ജനുവരി വരെയുള്ള കാലയളവിൽ 'എൽ നിനോ' അതിശക്തമായ നിലയിലേക്ക് എത്താൻ 63 ശതമാനം സാദ്ധ്യതയുണ്ടെന്നായിരുന്നു യുഎസ് കാലാവസ്ഥാ ഏജൻസിയായ നോവ സ്ഥിരീകരിക്കുന്നത്.

സാധാരണയായി ഇന്ത്യയിൽ 'എൽ നിനോ' എത്തിയാൽ രാജ്യം ഉറ്റുനോക്കുന്നത് ആകാശത്തേക്കാണ്. വരൾച്ചയുണ്ടാകുമോ, കൃഷി നശിക്കുമോ എന്ന ആശങ്കയായിരിക്കും പ്രധാനമായും ഉണ്ടാകുക. എന്നാൽ ഇതിന്റെ ആഘാതം കരയിൽ മാത്രമല്ല, കടലിനടിയിലെ ജീവനെയപ്പാടെ മാറ്റിമറിക്കാൻ പോന്നതാണെന്നാണ് സൂചിപ്പിക്കുന്നത്.

അന്തരീക്ഷത്തിലും കടലിലും ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും മീനുകളെ വേഗത്തിൽ ബാധിക്കാറുണ്ട്. 'എൽ നിനോ' വരുമ്പോൾ കടലിലെ കാറ്റിന്റെ ദിശ മാറുകയും, ഇത് അടിത്തട്ടിലെ വെള്ളം മുകളിലേക്ക് ഉയരുന്ന പ്രക്രിയയെ തടസപ്പെടുത്തുകയും ചെയ്യും. ഇതിനെ അപ്‌വെല്ലിംഗ് എന്ന് വിളിക്കുന്നു.

അപ്‌വെല്ലിംഗ്
കടലിന്റെ ആഴങ്ങളിൽ നിന്നുള്ള തണുത്ത പോഷകസമൃദ്ധമായ വെള്ളം മുകളിലേക്ക് ഉയർന്നുവരുന്ന പ്രതിഭാസമാണിത്. ഈ വെള്ളത്തിലാണ് മത്സ്യങ്ങളുടെ പ്രധാന ഭക്ഷണമായ പ്ലാങ്ക്ടണുകൾ (സൂക്ഷ്മ സസ്യങ്ങൾ) വളരുന്നത്. 'എൽ നിനോ' കാരണം കടൽവെള്ളം ചൂടുപിടിക്കുമ്പോൾ ഈ പ്രക്രിയ തടസപ്പെടുകയും, മീനുകൾക്ക് ഭക്ഷണം കുറയുകയും ചെയ്യുന്നു. ഘടനയിലെ വ്യത്യാസം കൊണ്ട് ബംഗാൾ ഉൾക്കടലിൽ 'എൽ നിനോ'യുടെ പ്രതികരണം മറ്റൊന്നായിരിക്കും. എങ്കിലും അവിടെയും കടൽവെള്ളം അമിതമായി ചൂടാകാനും കടലിലെ ഉഷ്ണതരംഗത്തിന് കാരണമാകാനും സാദ്ധ്യതയേറെയാണ്.

മത്തിക്കും അയലയ്ക്കും എന്ത് സംഭവിക്കും?

ഇന്ത്യൻ തീരങ്ങളിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളാണ് മത്തിയും അയലയും. ഇവയുടെ ലഭ്യത കാലാവസ്ഥാ വ്യതിയാനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എന്നിവിടങ്ങളിലെ പഠനങ്ങൾ വ്യക്തമാക്കുന്നു.

മൺസൂണിന് തൊട്ടുമുമ്പ് കടലിന്റെ അടിത്തട്ടിൽ നിന്ന് വരുന്ന തണുത്ത വെള്ളത്തെ ആശ്രയിച്ചാണ് മത്തി മുട്ടയിടുന്നതും വളരുന്നതും. എന്നാൽ എൽ നിനോ കാരണം കടൽവെള്ളം ചൂടാകുമ്പോൾ മത്തിയുടെ മുട്ടയിടൽ വൈകുകയോ പൂർണമായി ഇല്ലാതാവുകയോ ചെയ്യാം. കടൽവെള്ളത്തിലെ കടുത്ത ചൂട് കാരണം മീനുകളുടെ ദഹനപ്രക്രിയയും ശരീരവളർച്ചയും തകിടം മറിയുകയും, ഇത് അവയുടെ വലിപ്പം കുറയാൻ ഇടയാക്കുകയും ചെയ്യുന്നു.

fishes-

ചൂട് കൂടുമ്പോൾ മീനുകൾ തങ്ങൾക്ക് ജീവിക്കാൻ അനുയോജ്യമായ തണുപ്പുള്ള മറ്റ് പ്രദേശങ്ങളിലേക്ക് കൂട്ടത്തോടെ മാറും. മുൻപ് കേരളത്തിലെയും കർണാടകയിലെയും തീരങ്ങളിൽ മാത്രം സമൃദ്ധമായിരുന്ന മത്തി നിലവിൽ ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ കിഴക്കൻ തീരങ്ങളിലേക്കും മാറിപ്പോകുന്നതായി ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്.

ഈ മാറ്റം മത്സ്യത്തൊഴിലാളികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. സ്ഥിരമായി മീൻ ലഭിച്ചിരുന്ന കേന്ദ്രങ്ങളിൽ മീൻ ഇല്ലാതാകുന്നു. വലിയ ബോട്ടുകളുള്ളവർക്ക് ആഴക്കടലിലേക്ക് പോയി മീൻ പിടിക്കാം. എന്നാൽ ചെറിയ വള്ളങ്ങളിൽ പോകുന്ന സാധാരണ മത്സ്യത്തൊഴിലാളികൾക്ക് മീനുകൾ എവിടെയുണ്ടെന്ന് കണ്ടെത്താൻ സംവിധാനങ്ങളില്ല. 'എൽ നിനോ' സമയത്ത് കടലിൽ ശക്തിയായ ചുഴലിക്കാറ്റും കടുത്ത ചൂടും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയുന്ന ദിവസങ്ങൾ കുറയും. കൂടാതെ വള്ളവും വലയും തകരാറിലാകുന്നത് ഇവരെ വലിയ കടക്കെണിയിലേക്കും തള്ളിവിടും.

ayala

ഭൂമിയിൽ ഇതിനകം സംഭവിച്ചുകൊണ്ടിരിക്കുന്ന ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിലാണ് എൽ നിനോ കൂടിയെത്തുന്നത്. അതുകൊണ്ട് ഇവയുടെ ആഘാതം മുൻവർഷങ്ങളേക്കാൾ കഠിനമായിരിക്കും. ശാസ്ത്രജ്ഞർ പറയുന്നത് ഭൂമിയുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ ചെറിയ പതിപ്പാണ് എൽ നിനോ കാണിച്ചുതരുന്നതെന്നാണ്. പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ നമ്മുടെ മത്സ്യബന്ധന മേഖലയെയും തീരദേശ ജനതയെയും സജ്ജമാക്കേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPLAINER, LATESTNEWS, EL NINO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360