
പൊലീസ് എന്നുകേട്ടാൽ ആദ്യം ഓർമ്മവരുന്നത് കാക്കിക്കുപ്പായവും നീളമുള്ള ലാത്തിയുമാണ്. കാലത്തിനനുസരിച്ച് കോലം മാറുമെന്നാണ് പറയാറെങ്കിലും ലാത്തിക്ക് പറയത്തക്ക രൂപമാറ്റമൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. പ്രശ്നക്കാരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഉപയോഗിക്കുന്ന ലാത്തികൾ മുഗൾ ഭരണകാലം മുതൽ ഉപയോഗിച്ചുതുടങ്ങിയെന്നാണ് കരുതുന്നത്. അക്കാലത്ത് ഇന്ത്യയിൽ ജമീന്ദാർ സമ്പ്രദായം നിലവിലുണ്ടായിരുന്നു. ഇവർക്ക് ഗ്രാമീണരുടെ ഭൂമിയിൽ അവകാശവും അവരിൽ നിന്ന് കരം പിരിക്കാനുള്ള അധികാരവും നൽകിയിരുന്നു. കരം നൽകാൻ തയ്യാറാകാത്തവരെ പേടിപ്പിച്ചും ബലപ്രയോഗം നടത്തിയും തങ്ങളുടെ വരുതിയിലാക്കുന്നതിനാണ് ജമീന്ദാർമാരും അവരുടെ അനുചരന്മാരും ലാത്തി ഉപയോഗിച്ചിരുന്നത്.
എന്നാൽ ബ്രിട്ടീഷുകാരാണ് ലാത്തിയെ പൊലീസിന്റെ പ്രധാന ആയുധമാക്കിയത്. തോക്കുകൾ വ്യാപകമല്ലാതിരുന്ന അക്കാലത്ത് പൊലീസ് സേന കൂടുതൽ ഉപയോഗിച്ചിരുന്നത് ലാത്തികളാണ്. ലാത്തിച്ചാർജ് എന്ന പദവും ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നാണ് കരുതുന്നത്. ഇന്ത്യയ്ക്കുപുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പൊലീസും ലാത്തി ഉപയോഗിക്കുന്നുണ്ട്. ലാത്തിപോലുളള നീളമുള്ള വടികൾ ഉപയോഗിച്ചുള്ള ആയാേധന കലകൾ രാജ്യത്ത് പലയിടങ്ങളിലുമുണ്ട്. നമ്മുടെ കളരിപ്പയറ്റ് ഏറ്റവും നല്ല ഉദാഹരണം.
ചൂരൽ, മുള എന്നിവയാണ് ലാത്തികളായി അക്കാലത്ത് ഉപയോഗിച്ചിരുന്നത്.ഭാരക്കുറവ്, കൈകാര്യം ചെയ്യാൻ എളുപ്പം, പെട്ടെന്ന് ഒടിഞ്ഞുപോകില്ല, അടികൊള്ളുന്ന ആൾക്ക് നന്നായി വേദനിക്കും തുടങ്ങിയ കാരണങ്ങളാലാകാം മുളയെയും ചൂരലിനെയും ലാത്തിക്കായി തിരഞ്ഞെടുത്തത്. കാലം മാറിയപ്പോൾ പൊലീസിന്റെ പക്കൽ പോളി ഫൈബർ ലാത്തികൾ എത്തി. ഭാരക്കുറവ്, കൂടുതൽക്കാലം ഈടുനിൽക്കുന്നു എന്നിവയാണ് സാധാരണ ലാത്തികളെക്കാർ പോളി ഫൈബർ ലാത്തികൾക്കുള്ള പ്രത്യേകത. പക്ഷേ വില കൂടും.
പ്രത്യേക അളവിലാണ് ലാത്തികൾ നിർമ്മിക്കുന്നത്. പ്രത്യേക നിയമങ്ങൾ ഇതിനായി എഴുതിവച്ചിട്ടില്ലെങ്കിലും കാലാകാലങ്ങളായി ചില അലിഖിത നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ട്. മുപ്പതുമുതൽ നാൽപ്പത് ഇഞ്ചുവരെയാണ് ഒരു ലാത്തിയുടെ നീളം. പെരുവിരലിനെക്കാൾ അല്പം വണ്ണം വേണം. പൊലീസുകാർക്ക് കയ്യിൽ തൂക്കി നടക്കാൻ അറ്റത്ത് ദ്വാരമിട്ട് ഒരു ചരടും കോർത്തിട്ടുണ്ടാവും. നമ്മുടെ കുടയുടെ പിടിയിലെ വള്ളിപോലെ. അടിക്കുമ്പോൾ കൈയിൽ നിന്ന് വഴുതിപ്പോകാതിരിക്കാൻ പ്രത്യേക ഗ്രിപ്പുകളും ആധുനിക ലാത്തികളിൽ ഉപയോഗിച്ചിട്ടുണ്ട്. അറ്റം പിളർന്നുപോകാതിരിക്കാൻ പ്രത്യേക സംരക്ഷണ വളയവും ചിലയിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. പക്ഷേ അടികൊള്ളുന്ന ആൾക്ക് പരിക്ക് പറ്റുന്ന രീതിയിലാവരുത് ഇതിന്റെ ഉപയോഗം.
കയ്യിൽ ലാത്തിയുണ്ടെന്നുകരുതി തോന്നുംപോലെ അടിക്കാൻ പൊലീസുകാർക്ക് അനുവാദമില്ല. ജീവാപായം ഉണ്ടാകാത്ത വിധത്തിലായിരിക്കണം ലാത്തിചാർജ് നടത്തേണ്ടത്. പൊലീസ് മാനുവലിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.പട്ടിയെ തല്ലുംപോലെ തല്ലാൻ പാടില്ലെന്ന് അർത്ഥം. ഉചിതമായ മുന്നറിയിപ്പിനുശേഷമേ ലാത്തിച്ചാർജ് നടത്താവൂ. മുന്നറിയിപ്പ് നൽകിയിട്ടും ജനക്കൂട്ടം പിരിഞ്ഞുപോകാൻ വിസമ്മതിച്ചാൽ മാത്രമേ ലാത്തിച്ചാർജിന് ഉത്തരവിടാവൂ. ശരീരത്തിലെ മൃദുവായ ഭാഗങ്ങളിൽ മാത്രമേ ലാത്തി പ്രയോഗിക്കാവൂ. തലയിലോ കോളർബോണിലോ ലാത്തിപ്രയോഗം പാടില്ല. നിയമം ഇങ്ങനെയാണെങ്കിലും ലാത്തിച്ചാർജിനിടയിൽ തലയിലുൾപ്പെടെ പ്രതിഷേധക്കാർക്ക് പരിക്കേൽക്കാറുണ്ട്. ഇതൊക്കെ വലിയ പ്രതിഷേധത്തിനും നിയമനടപടികൾക്കും ഇടയാക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |