
ഡാലസ് : പാഴായ പെനാൽറ്റിയെ അതിന്റെ വഴിക്കുവിട്ട് തകർപ്പൻ രണ്ട് ഫീൽഡ് ഗോളുകളിലൂടെ ചരിത്രം കുറിച്ച് ലയണൽ മെസി. ലോകകപ്പിലെ തന്റെ 17ാമത്തേയും 18ാമത്തേയും ഗോളുകളുമായി മെസി റെക്കാഡിട്ട മത്സരത്തിൽ ഓസ്ട്രിയയെ 2-0ത്തിന് കീഴടക്കി അർജന്റീന രണ്ടാം റൗണ്ടിലെത്തി. 38-ാം മിനിറ്റിൽ ഫകുൻഡോ മെദീനയുടെ പാസിൽ നിന്നാണ് മെസി ലോകകപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന മുൻ ജർമ്മൻ താരം മിറോസ്ളാവ് ക്‌ളോസെയുടെ (16) റെക്കാഡ് തിരുത്തിയെഴുതിയത്. കളിതീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കേയായിരുന്നു രണ്ടാം ഗോൾ. ലോകകപ്പിലെ തന്റെ തുടർച്ചയായ ആറാം മത്സരത്തിലാണ് മെസി സ്‌കോർ ചെയ്തത്. 1986 ലോകകപ്പിൽ മറഡോണ ദൈവത്തിന്റെ ഗോളും നൂറ്റാണ്ടിന്റെ ഗോളും നേടിയത്തിന്റെ വാർഷികദിനത്തിലാണ് മെസിയുടെ ചരിത്ര നേട്ടം.
മെസി മിസ്
മത്സരത്തിന്റെ ഏഴാം മിനിട്ടിൽ അർജന്റീനയ്ക്ക് ലഭിച്ച പെനാൽറ്റി കിക്ക് മെസി പുറത്തേക്ക് അടിച്ചുകളഞ്ഞു. തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് മെസി പെനാൽറ്റി പാഴാക്കുന്നത്.
ക്രിസ്റ്റ്യാനോ ഇന്ന് വീണ്ടും
ആദ്യ മത്സരത്തിൽ കോംഗോയോട് സമനിലയിൽ പിരിയേണ്ടിവന്ന പോർച്ചുഗൽ ഇന്ന് രണ്ടാം മത്സരത്തിൽ നവാഗതരായ ഉസ്ബക്കിസ്ഥാനെ നേരിടും. കോംഗോയ്ക്ക് എതിരെ പന്ത് തൊടാൻപോലും കഷ്ടപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഫോമിലേക്ക് മടങ്ങിയെത്താനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കിക്കോഫ് ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |