SignIn
Kerala Kaumudi Online
Monday, 22 June 2026 4.52 AM IST

യമാല്‍ തുടങ്ങി, ഓയര്‍സബാലിന്റെ ഇരട്ട പ്രഹരം; സൗദിയെ കെട്ടുകെട്ടിച്ച് സ്‌പെയിന്‍

spain-vs-saudi

അറ്റ്‌ലാന്റ: ആദ്യ മത്സരത്തില്‍ പരുങ്ങി കളിച്ച സ്‌പെയിന്‍ യഥാര്‍ത്ഥ വീര്യം പുറത്തെടുത്തപ്പോള്‍ സൗദി അറേബ്യ ചാരമായി. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മുന്‍ ലോകചാമ്പ്യന്‍മാരായ സ്‌പെയിന്‍ സൗദി അറേബ്യയെ തോല്‍പ്പിച്ചത്. പത്താം മിനിറ്റില്‍ യുവതാരം ലാമിന്‍ യമാല്‍ ആണ് ആദ്യ ഗോള്‍ നേടിയത്. മൈക്കല്‍ ഓയര്‍സബാല്‍ നല്‍കിയ ക്രോസ് സൗദി പ്രതിരോധത്തെ കാഴ്ചക്കാരാക്കി വലയിലേക്ക് പതിക്കുകയായിരുന്നു.


കേപ് വെര്‍ദേക്ക് എതിരെ പകരക്കാരനായി കളത്തിലിറങ്ങിയ യുവതാരം സൗദിക്കെതിരെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ തന്നെ ഉള്‍പ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ പകരക്കാരനായിട്ടാണ് യമാല്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. സൗദിക്കെതിരെ യമാല്‍ നേടിയത് ഈ ലോകകപ്പിലെ സ്പാനിഷ് ടീമിന്റെ ആദ്യ ഗോള്‍ കൂടിയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ സ്പാനിഷ് മുന്നേറ്റനിര സൗദി ഗോള്‍മുഖം ആക്രമിച്ചുകൊണ്ടിരുന്നു.


സ്പാനിഷ് മദ്ധ്യനിരയില്‍ നിന്ന് പന്ത് മുന്നേറ്റ നിരയിലേക്ക് ഒഴുകിയെത്തുന്നത് പതിവായപ്പോള്‍ സൗദി പ്രതിരോധം വിയര്‍ത്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുമ്പ് തന്നെ സൗദിയുടെ വലയിലേക്ക് മൂന്ന് ഗോളുകള്‍ വീണിരുന്നു. 21ാം മിനിറ്റിലും 24ാം മിനിറ്റിലും ഓയര്‍സബാല്‍ സ്‌പെയിനിനായി ലീഡ് ഉയര്‍ത്തി. ആദ്യ പകുതി പിന്നിടുമ്പോള്‍ സ്‌പെയിന്‍ 3-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ യമാലിനെയും ഒയര്‍സബാലിനെയും സ്പെയിന്‍ കോച്ച് പിന്‍വലിച്ചു. പകരം യെറെമി പിനോയും ഫെറാന്‍ ടോറസുമാണ് കളത്തിലിറങ്ങിയത്.


രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ സൗദി പ്രതിരോധ താരത്തിന്റെ ഡിഫ്‌ളക്ഷനിലൂടെ ഒരു ഓണ്‍ഗോള്‍ കൂടി പിറന്നതോടെ പട്ടിക പൂര്‍ത്തിയായി. മാര്‍ക് കുക്കുറെയയുടെ വല ലക്ഷ്യമാക്കിയുള്ള ഷോട്ട് സൗദി ഗോള്‍ കീപ്പര്‍ തട്ടിയകറ്റിയെങ്കിലും പ്രതിരോധ നിരയിലെ ഹസന്റെ കാലുകളില്‍ തട്ടി വലയിലേക്ക് പതിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , SPAIN VS SAUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360