SignIn
Kerala Kaumudi Online
Saturday, 06 June 2026 6.57 AM IST

ഷാർജയിൽ രണ്ടു വയസുകാരന്റെ മരണം; കേസിൽ പ്രതിയായ മലയാളി പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ജാമ്യം

READ ENGLISH VERSION
muhammed-ashman

ഷാർജ: ഷാർജയിൽ ഫ്‌ളാറ്റിൽ നിന്ന് പാകിസ്ഥാൻ സ്വദേശിയായ രണ്ടുവയസുകാരൻ വീണ് മരിച്ച കേസിൽ പ്രതികളായ കണ്ണൂർ, തമിഴ്നാട് സ്വദേശികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം. രണ്ട് ലക്ഷം ദിർഹം ( 45 ലക്ഷത്തോളം രൂപ) ജാമ്യത്തുകയിലാണ് ഇവരെ വിട്ടയച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ യുഎഇ നിയമപ്രകാരം മാതാപിതാക്കൾ ഉത്തരവാദികളായതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസിൽ അന്വേഷണം തുടരുന്നതിനാൽ പെൺകുട്ടികൾ നിലവിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപാർട്ട്മെന്റിന്റെ സംരക്ഷണയിലാണ്.

കഴിഞ്ഞ ദിവസമാണ് ഷാർജ അൽ നഹദയിൽ പാകിസ്ഥാൻ സ്വദേശി മുഹമ്മദ് അർഷ്മാൻ എന്ന രണ്ടു വയസുകാരൻ മൂന്നാം നിലയിൽ നിന്നും വീണ് മരിച്ചത്. തൊട്ടടുത്ത അപ്പാട്ട്‌മെന്റിലെ പെൺകുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ജനലിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അപകടമരണമല്ല എന്ന് മനസിലായത്. ഒമ്പത് വയസ്സുള്ള പെൺകുട്ടികൾ രണ്ട് വയസുകാരനെ വിളിച്ചു വരുത്തുന്നതും കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയെ ജനലിലൂടെ താഴേക്ക് ഇട്ടതാണെന്ന് സംശയിക്കുന്നതായി മരിച്ച കുട്ടിയുടെ പിതാവ് സജ്ജാദ് ഹുസൈൻ ആരോപിച്ചതോടെയാണ് സത്യാവസ്ഥ അറിയാൻ പെൺകുട്ടികളേയും അവരുടെ രക്ഷിതാക്കളേയും കസ്റ്റഡിയിലെടുത്തത്.

വർഷങ്ങളായി യുഎഇയിൽ ജോലി ചെയ്യുന്ന സജ്ജാദിനും ഭാര്യയ്ക്കും അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകനാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പ്രാദേശിക നിയമപ്രകാരമുള്ള വിശദമായ അന്വേഷണവും കോടതി നടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, DEATHS, SHARJAH, MALAYALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360