SignIn
Kerala Kaumudi Online
Tuesday, 14 July 2026 2.24 AM IST

സ്‌കോളർഷിപ് പിൻവലിക്കാനെത്തിയ ഏഴാം ക്ലാസുകാരി ഞെട്ടി; അക്കൗണ്ടിൽ കണ്ടെത്തിയത് 759 കോടി രൂപ

READ ENGLISH VERSION
suparna
സുപർണ റോയി

കൊൽക്കത്ത: സ്‌കോളർഷിപ് തുക പിൻവലിക്കാൻ ബാങ്കിലെത്തിയ ഏഴാംക്ലാസുകാരിയുടെ അക്കൗണ്ടിൽ കണ്ടെത്തിയത് 759 കോടിയിലധികം രൂപ. പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലാണ് സംഭവം. ഹൽബാരി സ്വദേശിയായ സുപർണ റോയിയെന്ന വിദ്യാർത്ഥിനിയുടെ അക്കൗണ്ടിലാണ് ഇത്രയധികം പണം ബാലൻസ് കാണിച്ചത്.

കേരളത്തിൽ കുടിയേറ്റ തൊഴിലാളിയായാണ് സുപർണയുടെ പിതാവ് ജോലി ചെയ്യുന്നത്. സർക്കാർ നൽകുന്ന സ്‌കോളർഷിപ് തുകയായ 800 രൂപ അക്കൗണ്ടിൽ എത്തിയതായി മൊബൈൽ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് കുടുംബം ബാങ്കിലെത്തിയത്. പഴകിപ്പോയ സ്‌കൂൾ ഷൂസിന് പകരം പുതിയൊരു ജോഡി വാങ്ങാനായി ഈ പണം ഉപയോഗിക്കാൻ തീരുമാനിച്ചു. തുടർന്ന് ശനിയാഴ്‌ച മൂത്ത സഹോദരനൊപ്പം സമീപത്തെ കസ്റ്റമർ സർവീസ് സെന്ററിലെത്തി 900 രൂപ പിൻവലിച്ചു, തുടർന്ന് അക്കൗണ്ടിലെ ബാക്കി തുക പരിശോധിച്ചപ്പോഴാണ് 759 കോടിയിലധികം രൂപ അക്കൗണ്ടിലുണ്ടെന്ന് കണ്ടെത്തിയത്.

പിന്നാലെ ഹൽദിഹാരി മേഖലയിൽ ഈ സംഭവം വലിയ ചർച്ചയായി. അക്കൗണ്ടിൽ ഇത്രയധികം തുക എങ്ങനെയെത്തിയെന്ന കാര്യത്തിൽ തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും സംഭവം തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണെന്നും കുടുംബം പ്രതികരിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറോ ബാങ്കിന്റെ സിസ്റ്റം പിഴവോ കാരണമാണോ ഇത്തരത്തിൽ സംഭവിച്ചതെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. അതേസമയം, സമാനമായ രീതിയിൽ ഒന്നിലധികം സംഭവങ്ങൾ മറ്റിടങ്ങളിലും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ജൽപായ്‌ഗുരി ജില്ലയിൽ സർക്കാർ പദ്ധതിയുടെ ആനുകൂല്യം പിൻവലിക്കാനെത്തിയ മറ്റൊരു സ്‌ത്രീയുടെ ബാങ്ക് അക്കൗണ്ടിലും നൂറുകോടിയിലധികം രൂപയുടെ ബാലൻസ് കണ്ടെത്തിയിരുന്നു. ബീഹാറിൽ പെൻഷൻ തുക പിൻവലിക്കാനെത്തിയ കാമേശ്വർ മിശ്രയെന്ന 82 കാരന്റെ അക്കൗണ്ടിൽ 759 കോടി രൂപയാണ് കണ്ടെത്തിയത്. തുടർച്ചയായ ഇത്തരം സംഭവങ്ങൾ ബാങ്കിംഗ് സംവിധാനത്തിലെ സുരക്ഷയെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്‌ടിച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK ACCOUNT, GHOST MONEY, SCHOLORSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360