
റാഞ്ചി: 2026 സിബിഎസ്‌ഇ പ്ലസ് ടു പരീക്ഷയുടെ പുനഃർമൂല്യനിർണയ ഫലം വന്നപ്പോൾ റാഞ്ചി സ്വദേശിനിക്ക് മുഴുവൻ മാർക്ക്. റാഞ്ചിയിലെ ധുർവയിലുള്ള ഡൽഹി പബ്ലിക് സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാർത്ഥിനിയായ അവനി കേജ്‌രിവാളാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ കൊമേഴ്‌സിൽ രാജ്യത്ത് ഏറ്റവും ഉയർന്ന സ്‌കോർ നേടിയവരുടെ പട്ടികയിൽ അവനിയും ഇടംനേടി. പുനഃർമൂല്യനിർണയത്തിന് മുമ്പ് 95.2 ശതമാനമായിരുന്നു അവനിയുടെ മാർക്ക്.
ആദ്യം വന്ന ഫലത്തിൽ കുടുംബം തൃപ്‌തരായിരുന്നുവെങ്കിലും തനിക്ക് കൂടുതൽ മാർക്ക് ലഭിക്കുമെന്ന് അവനിക്ക് ഉറപ്പായിരുന്നു. അതിനാലാണ് പുനഃർമൂല്യനിർണയത്തിന് അപേക്ഷിച്ചത്. തന്റെ കഠിനാദ്ധ്വാനത്തിൽ പൂർണ വിശ്വാസമുണ്ടായിരുന്നുവെന്ന് അവനി പറഞ്ഞു. മാതാപിതാക്കൾ, സച്ചിൻ സാർ എന്നിവരുടെ പിന്തുണ ഈ വിജയത്തിൽ വലിയ പങ്ക് വഹിച്ചുവെന്നും കുട്ടി പറഞ്ഞു.
എത്ര മണിക്കൂർ പഠിക്കുന്നു എന്നല്ല, എത്ര ശ്രദ്ധയോടെ പഠിക്കുന്നു എന്നതിലാണ് കാര്യമെന്ന് അവനി പറഞ്ഞു. 'ഓരോ ദിവസവും കുറച്ച് വീതം പാഠഭാഗങ്ങൾ പഠിക്കും. ഇത്തരത്തിൽ പതിയെ എല്ലാ വിഷയങ്ങളും പഠിച്ചെടുക്കുമായിരുന്നു. ഫോൺ അത്യാവശ്യത്തിന് മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളു. ഫോൺ പഠനത്തെ ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം'- അവനി പറഞ്ഞു.
ബിസിനസുകാരനായ മിതേഷ് കേജ്‌രിവാളിന്റെയും വീട്ടമ്മയായ പൂനത്തിന്റെയും മകളാണ് അവനി. ബിസിനസ് മാനേജ്‌മെന്റിൽ തുടർപഠനം നടത്താനാണ് അവനി ഉദ്ദേശിക്കുന്നത്. ഭാവിയിൽ ബിസിനസ് മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |