SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.43 PM IST

മുഖ്യമന്ത്രിയും കുടുംബവും കുടുങ്ങി; വാങ്ങിക്കൂട്ടിയത് 168 ഏക്കർ ഭൂമി, മദ്ധ്യപ്രദേശിൽ വൻ വിവാദം

READ ENGLISH VERSION
mohan-yadav

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും ഉജ്ജയിനിൽ കോടിക്കണക്കിന് രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയെന്ന വാർത്ത ചർച്ചയാവുന്നു. സർക്കാർ വൻ വികസന പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയാണ് മുഖ്യമന്ത്രിയും കുടുംബവും സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയതെന്ന വാർത്ത ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രമാണ് റിപ്പോർട്ട് ചെയ്‌തത്.

മോഹൻ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ സീമ, മകൻ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാരായ നന്ദലാൽ നാരായൺ യാദവ്, നാരായണിന്റെ ഭാര്യ രേഖ, അവരുടെ മകൻ അഭയ് യാദവ്, അടുത്ത ബന്ധുക്കളായ ഗോവിന്ദ്, നിലേഷ് യാദവ് എന്നിവരും ഇവരുടെ റിയൽ എസ്റ്റേറ്റ് കമ്പനിയും ചേർന്നാണ് 168 ഏക്കർ ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2023 ഡിസംബർ 13നാണ് മോഹൻ യാദവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും അവരുടെ നാല് റിയൽ എസ്‌റ്റേറ്റ് കമ്പനികളിൽ ഒന്നിന്റെയും പേരിൽ ഭൂമി വാങ്ങിക്കൂട്ടിയത്. സർക്കാർ പദ്ധതികളെക്കുറിച്ച് മുൻകൂട്ടി ലഭിച്ച വിവരങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി മുഖ്യമന്ത്രി ദുരുപയോഗം ചെയ്‌തുവെന്നാണ് പ്രധാന ആരോപണം.

മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾ ഇതിനകം ഭൂമികളിൽ പലതും വൻകിട ഹൗസിംഗ് പ്രോജക്‌ടുകളാക്കി മാറ്റി വലിയ ലാഭം കൊയ്യാനുള്ള നടപടികൾ ആരംഭിച്ചുവെന്ന വിമർശനവും ശക്തമാണ്. വികസനത്തിന്റെ മറവിൽ നടന്ന വൻ ഭൂമി ഇടപാട് വിവരങ്ങൾ പുറത്തുവന്നതോടെ മദ്ധ്യപ്രദേശിൽ മോഹൻ യാദവിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. സംഭവം വലിയ വിവാദമായിട്ടും ഇതുവരെ മുഖ്യമന്ത്രിയോ ബന്ധുക്കളോ പ്രതികരണവുമായി എത്തിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHAN YADAV, MADHYAPRADESH, MADHYAPRADESH CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360