SignIn
Kerala Kaumudi Online
Tuesday, 14 July 2026 7.25 AM IST

15 ദിവസത്തെ അവധിയ്‌ക്കായി സ്‌കൂളടച്ചു, ഉറങ്ങിപ്പോയ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുടുങ്ങി; ജീവനക്കാർക്ക് സസ്‌പെൻഷൻ

class-room
Class room (Representational image)

ശ്രീനഗർ: ക്ലാസ്‌മുറിയിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ സ്‌കൂൾ അടച്ചുപൂട്ടി സ്ഥലംവിട്ട് ജീവനക്കാർ. ജമ്മു കാശ്‌മീരിലെ റാംബൻ ജില്ലയിലാണ് സംഭവമുണ്ടായത്. 15 ദിവസത്തെ വേനലവധിക്കായി സ്‌കൂൾ അടച്ചിട്ടപ്പോഴാണ് വിദ്യാർത്ഥി ക്ലാസ് മുറിയിൽ അകപ്പെട്ടത്. രാത്രി സ്‌കൂളിൽനിന്നും കുട്ടിയുടെ കരച്ചിൽകേട്ടെത്തിയ വഴിയാത്രക്കാരന്റെ ഇടപെടലാണ് രക്ഷയായത്. സംഭവം പുറത്തറിഞ്ഞതിനുപിന്നാലെ സ്‌കൂളിലെ മുഴുവൻ ജീവനക്കാരെയും ചീഫ് എഡ്യുക്കേഷൻ ഓഫീസർ സസ്‌പെൻഡ് ചെയ്‌തു.

ബനിഹാൾ മേഖലയിലെ ക്രാവാ ഗവൺമെന്റ് മിഡിൽ സ്‌കൂളിലാണ് സംഭവമുണ്ടായത്. ഉറക്കം തെളിഞ്ഞതോടെ ക്ലാസിൽ അകപ്പെട്ടുപോയെന്ന് മനസിലായ കുട്ടി നിലവിളിക്കാൻ തുടങ്ങി. രാത്രി എട്ടരയോടെ സ്‌കൂളിന് സമീപത്തുകൂടി നടന്നുപോയ വഴിയാത്രക്കാരൻ ഇതുകേട്ട് കുട്ടിക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു. ക്സാസ്‌മുറി തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തിയതിനൊപ്പം സംഭവത്തിന്റെ ദൃശ്യങ്ങൾ അയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്.

വിദ്യാർത്ഥികളുടെ സുരക്ഷയും മേൽനോട്ടവും ഉറപ്പാക്കേണ്ട ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് സംഭവത്തിന് കാരണമായതെന്ന് ചീഫ് എഡ്യുക്കേഷൻ ഓഫീസർ ചൂണ്ടിക്കാട്ടി. ഇത് കുട്ടിയുടെ ജീവനും സുരക്ഷയ്‌ക്കും ഭീഷണിയാകാൻ സാദ്ധ്യതയുണ്ടായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. ബനിഹാൾ ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പലാണ് സമിതി അദ്ധ്യക്ഷ. ബനിഹാൾ സോണൽ എഡ്യുക്കേഷൻ ഓഫീസറും ബാങ്കൂട്ട് ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററും സമിതി അംഗങ്ങളാണ്.

English Summary

A student was locked inside Krava Government Middle School in Jammu and Kashmir's Ramban district after staff departed for summer vacation. A passerby heard the child crying and facilitated the rescue. Following the incident, the Chief Education Officer suspended all school staff for negligence. A three-member committee has since been appointed to conduct a detailed investigation into the matter.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL STUDENT, TRAPPED, SUSPENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360