ന്യൂഡൽഹി: കോടതികളിലെ എഐ ഉപയോഗത്തെക്കുറിച്ച് കരട് മാർഗനിർദേശം പുറത്തിറക്കി സുപ്രീം കോടതി. ജൂൺ മൂന്നിനാണ് മാർഗനിർദേശം പുറത്തിറക്കിയത്. ഇതിനെക്കുറിച്ച് പഠിക്കാനും വിശകലനം ചെയ്യാനും നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാനും ജൂലായ് 15വരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരിക്കുകയാണ്.
എഐയുടെ സാദ്ധ്യതകൾ കോടതികൾ സജീവമായി പരിഗണിക്കണമെന്നും എഴുത്തുപകർപ്പുകൾ തയ്യാറാക്കുന്നതിനും വിവർത്തനം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്നതിലൂടെ കാര്യക്ഷമത വർദ്ധിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. എഐയുടെ ദുരുപയോഗത്തിനെതിരായ സുരക്ഷാസംവിധാനങ്ങളും മാർഗനിർദേശത്തിൽ മുന്നോട്ടുവയ്ക്കുന്നു. നീതി നിർണയിക്കുന്ന അന്തിമ അധികാരികളായി എഐ മാറരുതെന്നും മുന്നറിയിപ്പ് നൽകുന്നു. office.regcc@sci.nic.in. എന്ന ഇമെയിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ സാധിക്കും.
ഉത്തരവാദിത്തത്തോടെയുള്ള എഐ ഉപയോഗത്തിനായി ചട്ടക്കൂട് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. മനുഷ്യ മുൻഗണന, സുതാര്യത, ഉത്തരവാദിത്തം, ഡാറ്റ സംരക്ഷണം, നീതിന്യായ സ്വാതന്ത്ര്യം എന്നിവയെ അധിഷ്ഠിതമാക്കിയാണ് ഉപയോഗമെന്ന് ഉറപ്പുവരുത്തുകയും വേണം. മനുഷ്യരുടെ വിധി നിർണയത്തിനും നീതിന്യായ അധികാരങ്ങൾക്കും വിധേയപ്പെട്ടിരിക്കുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തിലായിരിക്കണം ചട്ടക്കൂടെന്നും മാർഗനിർദേശത്തിൽ പറയുന്നു. എഐ ഉപയോഗത്തിൽ ഏതൊക്കെ കാര്യങ്ങളാണ് അനുവദനീയം, ഏതൊക്കെ നിരോധിക്കണം എന്നത് നിർണയിക്കണമെന്നും നിർദേശമുണ്ട്.
എഐ സംവിധാനങ്ങൾ പഠിക്കാൻ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിക്കാൻ പാടില്ല. ജാമ്യം പോലെയുള്ള കോടതി വിധികളിൽ എഐ ഫലങ്ങൾ ആശ്രയിച്ച് വിധി പറയരുത്. കോടതിയിൽ ഹാജരാക്കുന്ന തെളിവുകൾ എഐ നിർമിതമാണെങ്കിൽ അവ രേഖപ്പെടുത്തണം. മനുഷ്യ സാക്ഷിയുടെയോ യഥാർത്ഥ തെളിവിന്റെയോ പകരമായി എഐയെ കാണരുത് എന്നിങ്ങനെയുള്ള കാര്യങ്ങളും കരട് മാർഗനിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതി, ഹൈക്കോടതി തലങ്ങളിൽ എഐ കമ്മിറ്റികൾ രൂപീകരിക്കണം. ഇതിന്റെ മേൽനോട്ടത്തിനായി സ്ഥിരമായതും പൂർണസമയ പ്രവർത്തനമുള്ള സമിതി രൂപീകരിക്കണം. സ്ഥിരം സമിതിയിൽ സുപ്രീം കോടതി ജഡ്‌ജിമാർ, സൂപ്രീം കോടതി ചീഫ് ജസ്റ്റിസ് നിർദേശിക്കുന്ന രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ എന്നിവർ ഉൾപ്പെടണം. ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ, എഐ, ധനകാര്യം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർ, മുതിർന്ന നിയമവിദഗ്ദ്ധർ എന്നിവരും സമിതിയിൽ ഉൾപ്പെടണമെന്ന് കരട് മാർഗനിർദേശത്തിൽ പറയുന്നു. ജുഡീഷ്യൽ, ടെക്നിക്കൽ, ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഫിനാൻസ്, കേസ് ആൻഡ് ഡാറ്റ മാനേജ്മെന്റ്, സൈബർ സുരക്ഷ എന്നിങ്ങനെ അഞ്ച് സബ് കമ്മിറ്റികൾ ചേർന്നതാകണം എഐ കമ്മിറ്റിയെന്നും മാർഗനിർദേശത്തിൽ അഭിപ്രായപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |